കോട്ടയം: പച്ചമുളകു കൃഷിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മുളക് ഗ്രാമം പദ്ധതിയുമായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്. കേരളത്തിൽ കാര്യമായ ഉൽപാദനം ഇല്ലാത്ത പച്ചമുളക് വിപണിയുടെ സാധ്യതകൾ മനസിലാക്കിയാണ് 2024-25 വാർഷിക പദ്ധതിയിൽ മുളകുഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണു പദ്ധതി നടപ്പാക്കുന്നത്
മുളകു കൃഷിക്കായി തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 12,13,15 വാർഡുകളിലായി മൂന്ന് ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെ.എൽ.ജി) രൂപീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയോഗ്യമാക്കിയ രണ്ടേക്കർ ഭൂമിയിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഗുണമേന്മയുള്ള മുളക് തൈയും വളവും ഗ്രാമപഞ്ചായത്ത് നൽകും. ഉൽപാദിപ്പിക്കുന്ന മുളക് നേരിട്ട് വിപണിയിലെത്തിക്കുന്നതിനൊപ്പം
കീടനാശിനി രഹിത മുളകുപൊടിയും പദ്ധതി ലക്ഷ്യമിടുന്നു.പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ടി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.