മഹാകുംഭമേളയുടെ മൂന്നാം അമൃതസ്നാനം ഇന്ന്. വസന്തപഞ്ചമി അമൃതസ്നാനത്തില്‍ ആദ്യമായി സംഗമത്തില്‍ എത്തിയത് പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സന്യാസിമാരാണ്. തുടർന്ന് കിന്നർ അഖാരയും, ഏറ്റവും വലിയഅഖാരയായ ജുന അഖാരയും ആവാഹൻ അഖാരയുമാണ് സ്നാനം നടത്തുന്നത്. 13 അഖാരകള്‍ ഓരോന്നായി നിശ്ചയിച്ച സമയത്ത് സ്നാനം നടത്തും. സാധുക്കളുടെ അനുഗ്രഹവും സ്നാനപുണ്യവും തേടി ലക്ഷക്കണക്കിന് ഭക്തരാണ് സംഗമത്തില്‍ ഉള്ളത്. ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ളവർ നിലവില്‍ സംഗമത്തില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.
സംഗമത്തിലേക്കുള്ള വഴികളിലെല്ലാം 10 കിലോമീറ്ററോളം ഭക്തരുടെ നീണ്ട നിരയുണ്ട്. പ്രയാഗ്‌രാജ് ജംഗ്ഷനില്‍ നിന്ന് ഏകദേശം 8 മുതല്‍ 10 കിലോമീറ്റർ വരെ ദൂരം കാല്‍നടയായിട്ടാണ് ആളുകള്‍ സംഗമത്തിലേക്ക് എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് ഹനുമാൻ ക്ഷേത്രത്തില്‍ ദർശനം അനുവദിക്കുന്നില്ല . ഫെയർ ഏരിയയിലെ എല്ലാ റോഡുകളും വണ്‍വേയാണ്. ജനക്കൂട്ടത്തെ നേരിടാൻ 60,000-ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ ഹെലികോപ്റ്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വെളിച്ചമായാലുടൻ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തും. 2750 സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി നൂറിലധികം പുതിയ ഐപിഎസുകാരെയും മേളയില്‍ വിന്യസിച്ചിട്ടുണ്ട്.