അമേരിക്കൻ പ്രസിഡൻ്റ് പദത്തിൽ അതിഗംഭീര തിരിച്ചുവരവ് നടത്തിയ ഡൊണാൾഡ് ട്രംപ്, തൻ്റെ മന്ത്രിസഭാംഗങ്ങളെയും ഭരണതലത്തിലെ ഉന്നത സ്ഥാനങ്ങളിലേക്കും ആളുകളെ ഉടൻ തീരുമാനിക്കും. ഇന്ത്യൻ വംശജനായ കാഷ് എന്ന് വിളിക്കപ്പെടുന്ന കശ്യപ് പട്ടേലിന് ഇതിൽ സുപ്രധാന സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. ട്രംപിൻ്റെ വിശ്വസ്തരിൽ ഏറ്റവും വിശ്വസ്തനായി കണക്കാക്കുന്ന കശ്യപ് പട്ടേലാണ് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ എന്ന ആരോപണത്തെ മറികടക്കാനും റിപ്പബ്ലിക്കൻ പാർട്ടിയുടെ വിശ്വാസ്യത ഉറപ്പിക്കാനും ഇടപെട്ടത്. മുൻ ട്രംപ് ഭരണകൂടത്തിൽ പ്രതിരോധ-രഹസ്യാന്വേഷണ മേഖലയിൽ നിർണായക ചുമതലകൾ വഹിച്ച കശ്യപ്, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒഴിവാക്കാനാത്ത വ്യക്തിത്വവുമാണ്.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ ഡയറക്ടറായി കശ്യപിനെ നിയമിക്കണമെന്ന ആവശ്യം ഇപ്പോൾ തന്നെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉയർന്നുകഴിഞ്ഞു. യു.എസ് സെനറ്റിൻ്റെ അംഗീകാരം ലഭിച്ചാലേ നിയമനം ഉറപ്പിക്കാൻ കഴിയൂ. സെനറ്റിലേക്കും ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം തൊടാൻ സാധിച്ചതിനാൽ ഇത് ഏറെക്കുറെ എളുപ്പമാണ്. സിഐഎ ഡയറക്ടർ സ്ഥാനം ലഭിച്ചില്ലെങ്കിൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ കശ്യപിന് സുപ്രധാന സ്ഥാനമുണ്ടാകും.