പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും യാത്രക്കാരെയും തടയാൻ എത്തിയ പൊലീസുകാരെയും ആക്രമിക്കുകയും ചെയ്ത രണ്ട് യുവാക്കൾ പോലീസ് പിടിയിൽ.കന്യാകുമാരി വളവൻ കോട് വല്ലബിലാൽ തത്തേ പുരം കോളനിയിൽ സ്റ്റെഫിൻ ജോസ് (21) , തിരുവനന്തപുരം നെയ്യാറ്റിൻകര പുതിയ തുറ നെടിയവിളാക പുരയിടത്തിൽ ജോഷ്വാ വർഗീസ് (20) എന്നിവരെയാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ് ഐ റെജി പി ജോസഫ് അറസ്റ്റ് ചെയ്തത്. എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് വന്ന പരശുറാം എക്സ്പ്രസ്സിനുള്ളിലാണ് പ്രതികൾ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം.കൊച്ചിയിൽ ജോലിക്ക് ശേഷം നാട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ഇരുവരും. ട്രെയിനിനുള്ളിൽ മദ്യപിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഇരുവരും പെരുമാറുകയും ചെയ്തതായി യാത്രക്കാർ റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു.ട്രെയിനിൽ നിന്ന് യാത്രക്കാരിയായ യുവതി തിരുവനന്തപുരം കൺട്രോൾ റൂമിൽ വിവരം വിളിച്ചു പറയുകയും ചെയ്തു.പോലീസ് എത്തിയപ്പോൾ പോലീസിനെയും, യാത്രക്കാരേയും ഇവർ ആക്രമിച്ചു.അറസ്റ്റിലായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.