ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമമുണ്ടായതിനു പിന്നാലെ അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസ് ഡയറക്ടര്‍ കിമ്ബര്‍ലി ചീറ്റില്‍ രാജിവച്ചു.
ട്രംപിന് നേരെ വധശ്രമം ഉണ്ടായത് തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ് രാജി.
ജൂലൈ 13നാണ് പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിന് നേരം വധശ്രമമുണ്ടായത്. ഇരുപതുകാരനായ അക്രമി ട്രംപിന് നേരം വെടിയുതിര്‍ക്കുകയായിരുന്നു.
തലനാരിഴയ്ക്ക് രക്ഷപെട്ട ട്രംപിന്റെ ചെവിയില്‍ മുറിവേറ്റിരുന്നു. പിന്നാലെ, കിമ്ബര്‍ലിയുടെ രാജിയാവശ്യപ്പെട്ട് ഡെമോക്രാറ്റുകളും റിപബ്ലിക്കുകളും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.
തിങ്കളാഴ്ച കോണ്‍ഗ്രഷണല്‍ കമ്മിറ്റി കിമ്ബര്‍ലിയെ വിളിച്ചുവരുത്തിയിരുന്നു.വധശ്രമം സീക്രട്ട് സര്‍വ്വീസ് ഏജന്‍സിയുടെ പരാജയമാണെന്ന് സമ്മതിക്കുന്നതായി കിമ്ബര്‍ലി കമ്മിറ്റിക്ക് മുന്‍പാകെ സമ്മതിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട വീഴ്ച എന്നാണ് കിമ്ബര്‍ലി സംഭവത്തെ വിശേഷിപ്പിച്ചത്.
27 വര്‍ഷമായി സീക്രട്ട് സര്‍വ്വീസ് ഏജന്റായിരുന്ന കിമ്ബര്‍ലി 2021ല്‍ ഏജന്‍സി വിട്ട് പെപ്‌സികോയുടെ നോര്‍ത്ത് അമേരിക്കയിലെ സുരക്ഷാ മേധാവിയായി ചുമതലയേറ്റിരുന്നു.
2022ല്‍ പ്രസിഡന്റ് ജോ ബൈഡനാണ് കിമ്ബര്‍ലിയെ സീക്രട്ട് സര്‍വ്വീസ് ഏജന്‍സി മേധാവിയായി നിയമിച്ചത്.തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനാണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്. ഇയാള്‍ ഉടന്‍തന്നെ കൊല്ലപ്പെട്ടു.