പ്രകാശ് കാരാട്ടിന്റെ പ്രസ്താവന തമാശയെന്നും സിപിഎമ്മിന്റെ അവസരമാവാദ നയരേഖ വായിക്കണമെന്ന കാരാട്ടിന്റെ നിര്‍ദ്ദേശം വിനയപൂര്‍വം നിരസിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് പിണറായി വിജയനെ പോലെ സംഘ്പരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനെന്നും അദ്ദേഹം വിമര്‍ശിച്ചു.ബിജെപിക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന വലിയ തമാശയാണ്. എംവി ഗോവിന്ദനെ പോലെ പ്രകാശ് കാരാട്ടും തമാശ പറയരുത്. എന്റെ പേരെടുത്ത് പറഞ്ഞും കാരാട്ട് വിമര്‍ശിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ തീവ്ര വലതുപക്ഷ വ്യതിയാനമാണ് പലപ്പോഴായി ചൂണ്ടിക്കാട്ടിയത്. സിപിഎം നയരേഖ ഞാന്‍ വായിക്കണമെന്ന കാരാട്ടിന്റെ നിര്‍ദ്ദേശം വിനയപൂര്‍വം നിരസിക്കുന്നു. കാരണം അതൊരു അവസരവാദ രേഖയാണ്. ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന കാരാട്ടിനോടും അദ്ദേഹത്തിന് കുടപിടിച്ചു കൊടുക്കുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തോടും ഞങ്ങള്‍ക്ക് യോജിക്കാനാകില്ല – വി ഡി സതീശന് വ്യക്തമാക്കി.മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെയ്യൂരിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് കാരാട്ടിന്റെ സമീപനമെന്നും മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്ന് കരട് രാഷ്ട്രീയ രേഖയില്‍ പറയുകയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പരസ്യമായി പറയുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കാലങ്ങളായി കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ഉണ്ടായിരുന്ന രഹസ്യബന്ധം പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസ് ആണെന്നിരിക്കെ കേരളത്തില്‍ വന്ന് പ്രകാശ് കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് പിണറായി വിജയനെ പോലെ സംഘ്പരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനാണെന്നും ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്നു പരസ്യമായി പറഞ്ഞ് മോദിക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്നവര് കോണ്‍ഗ്രസിനെ ഫാസിസ്റ്റ് വിരുദ്ധതയും ബിജെപിക്ക് എതിരായ പോരാട്ടവും പഠിപ്പിക്കേണ്ടെന്നും വി ഡി സതീശന് പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സിപിഎം ഇനിയെങ്കിലും ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.