കവിത – സിന്ധു സൂസൻ വർഗ്ഗീസ്
വെളുത്ത പൂക്കളിൽ
പേരറിയാത്തൊരു ദേവത
മന്ത്രമൂതിപ്പോയിട്ടുണ്ട്.
കാലം തെറ്റിപ്പൂത്ത
പാലമരത്തിന്മേലുണ്ട്
പ്രണയത്തിൽ
തറഞ്ഞൊരുത്തി.
ഇലഞ്ഞിച്ചോട്ടിലെ നക്ഷത്രങ്ങളെ
നോവിക്കാത്തവണ്ണം
നടന്നുപോകുന്നുണ്ട്
സ്വപ്നത്തിലൂടൊരുവൾ.
തലയിണച്ചൂടിൽ
മൂർച്ഛിച്ചു കിടക്കുന്ന
ഗന്ധരാജന്റെ ദളങ്ങൾ
ഏതോ രാമഴകൾ
ഓർത്തെടുക്കുന്നുണ്ട് .
നാരകപ്പൂമൊട്ടുകളുടെ
ഇതൾക്കാമ്പിൽ
സ്വർണ്ണപ്പൊടികളിൽ
കുറിച്ചിട്ടൊരു രഹസ്യമുണ്ട് .
നിന്റെ ജനാലയ്ക്കപ്പുറത്തെ
കാപ്പിച്ചില്ലകളിൽ,
ഓർമ്മിക്കപ്പെടാത്ത
ഒരുവളുടെ നിശ്വാസങ്ങൾ
മഞ്ഞുപൂക്കളായ്
ഉറഞ്ഞു നിൽപ്പാണ് .
വെളുത്ത പൂക്കളിൽ
പ്രണയമെന്നോ
മരണമെന്നോ
പേരുള്ളൊരു ദേവത
മെല്ലെ ചുംബിക്കുന്നുണ്ട് !
വെളുത്ത പൂക്കൾ/ കവിത