സാമ്പത്തിക ബാധ്യതയെ തുടർന്ന് തങ്ങള്‍ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. ഉമ്മയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും സ്വയം മരിക്കാൻ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞുവെന്നും അഫാൻ പൊലീസിനോട് പറഞ്ഞു.
“ഞാൻ കൊല്ലാം എന്ന് ഉമ്മയോട് പറഞ്ഞു.തുടർന്ന് ഷാള്‍ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിച്ചു.ഉമ്മ മരിച്ചില്ല.തുടർന്ന് വെഞ്ഞാറമൂട് എത്തി ഹാമർ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചു.തുടർന്ന് പാങ്ങോട് എത്തി അമ്മുമ്മയെ കൊലപ്പെടുത്തി.പണം ആവശ്യമായി വന്നപ്പോള്‍ അമ്മൂമ്മ മാല ചോദിച്ചിട്ട് നല്‍കിയില്ല.”- പ്രതി പറഞ്ഞു.
അച്ഛൻറെ സഹോദരൻ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിച്ചില്ലെന്നും അഫാൻ മൊഴിയില്‍ പറയുന്നുണ്ട്. ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്നും താൻ സ്നേഹിച്ച പെണ്‍കുട്ടി ഒറ്റയ്ക്ക് ആകണ്ട എന്ന് കരുതിയാണ് അവളെയും വീട്ടില്‍ എത്തിച്ചു കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. താൻ മരിക്കാൻ വേണ്ടിയാണ് എലിവിഷം കഴിച്ചതെന്നും പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ പറയുവാൻ തോന്നിയതെന്നും അഫാൻ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അഫ്നാന്റെ മൊഴി വിശ്വാസിയോഗ്യമല്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.