`എന്റെ സഹോദരനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ…’ ഇന്ത്യയിലെത്തിയ ഖത്തർ അമീറിനെ സ്വീകരിക്കാനെത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിന്റെ ആദ്യ വരികളാണിത്. പതിവിന് വിപരീതമായി, പ്രൊട്ടോക്കോൾ മറികടന്ന് അമീറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ മോദി നേരിട്ടെത്തുകയായിരുന്നു. അത്യപൂർവമായാണ് പ്രധാനമന്ത്രി വിദേശ രാഷ്ട്ര നേതാക്കളെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിക്കാറുള്ളത്. ദ്വിദിന സന്ദർശനത്തിനായാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുടെ ക്ഷണ പ്രകാരമെത്തിയ അമീറിന് ഊഷ്മള സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്. സ്വീകരണ സമയത്തെ ഇരു നേതാക്കളുടെയും അടുത്ത സുഹൃത്തുക്കൾ എന്ന രീതിയിലുള്ള ഇടപെടലിന്റെ വീഡിയോകൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് ഹസ്തദാനം നൽകുന്നതിനിടെ ഖത്തർ അമീറിന്റെ തമാശയ്ക്ക് അദ്ദേഹത്തിന്റെ ദേഹത്ത് തട്ടി മോദി പൊട്ടിച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.