ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 7.8 കോടിയിലധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയതെന്നാണ് എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്,. ഇതോടെ ആഗോളതലത്തില്‍ 11-ാം സ്ഥാനത്താണ് ഡല്‍ഹി വിമാനത്താവളം.ലോകത്തിലെ ആദ്യ 20 തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ വിമാനത്താവളവും ഡല്‍ഹിയാണ്.
എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (ACI) യാത്രക്കാരുടെ കണക്കുകള്‍ പ്രകാരം 2025ല്‍ ഇന്ദിരാഗാന്ധി വിമാനത്താവളം 78,148,081 യാത്രക്കാരെ കൈകാര്യം ചെയ്തു. 2024ലെ 7.78 കോടി യാത്രക്കാരെ അപേക്ഷിച്ച് 0.42 ശതമാനം വര്‍ധനവാണിത്.വിമാനത്താവളങ്ങളില്‍ കയറുന്നവരെയും ഇറങ്ങുന്നവരെയും ഉള്‍പ്പെടുത്തിയാണ് എസിഐയുടെ റാങ്കിങ്. ട്രാന്‍സിറ്റ് യാത്രക്കാരെ ഒരിക്കല്‍ മാത്രമാണ് കണക്കാക്കുന്നത്. അതിനാല്‍ ലോകത്തെ വിവിധ വിമാനത്താവളങ്ങളെ ഒരേ മാനദണ്ഡത്തില്‍ താരതമ്യം ചെയ്യാന്‍ സാധിക്കും.അമേരിക്കയിലെ ഹാര്‍ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. 2025ലും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനം നിലനിര്‍ത്തി. 106,302,208 യാത്രക്കാരാണ് അറ്റ്‌ലാന്റ വിമാനത്താവളം വഴി കടന്നു പോയത്.1998 മുതല്‍ ഭൂരിഭാഗം വര്‍ഷങ്ങളിലും അറ്റ്‌ലാന്റയാണ് ഈ പട്ടികയില്‍ ഒന്നാമത്. കൊവിഡ് കാലത്താണ് മാത്രമാണ് ഈ നിലയ്ക്ക് മാറ്റമുണ്ടായത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 95,192,160 യാത്രക്കാരുമായി രണ്ടാം സ്ഥാനത്തും ടോക്കിയോ ഹനേഡ വിമാനത്താവളം 91,679,814 യാത്രക്കാരുമായി മൂന്നാം സ്ഥാനത്തുമെത്തി. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളം 85,660,127 യാത്രക്കാരുമായി നാലാം സ്ഥാനത്തും ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളം 84,994,548 യാത്രക്കാരുമായി അഞ്ചാം സ്ഥാനത്തുമാണ്. സിയോള്‍, ലോസ് ആഞ്ചലസ്, പാരീസ് എന്നിവയെ പിന്നിലാക്കിയാണ് ഡല്‍ഹി വിമാനത്താവളം 11-ാം സ്ഥാനത്തെത്തിയത്.നിരവധി പ്രമുഖ ആഗോള വിമാനത്താവളങ്ങളെയും ഡല്‍ഹി പിന്നിലാക്കി. സിയോള്‍ ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം 74,126,912 യാത്രക്കാരെയും ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളം 73,709,594 യാത്രക്കാരെയും കൈകാര്യം ചെയ്തു.എസിഐയുടെ കണക്കുകള്‍ പ്രകാരം 2025ല്‍ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ വഴി ഏകദേശം 980 കോടിയാളുകള്‍ യാത്ര ചെയ്തു. 2024നെ അപേക്ഷിച്ച് ഇത് 3.7 ശതമാനം വര്‍ധനവാണ്. കൊവിഡ് മഹാമാരിക്ക് മുമ്പുള്ള 2019ലെ നിലയേക്കാള്‍ 6.5 ശതമാനം കൂടുതലുമാണിത്.കൊവിഡ് കാലത്തെ തിരിച്ചടിയില്‍ നിന്ന് ആഗോള വ്യോമയാന മേഖല പൂര്‍ണമായി കരകയറിയെന്ന് മാത്രമല്ല, അതിനും അപ്പുറത്തേക്ക് വളര്‍ന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളോടൊപ്പം ഡല്‍ഹി വിമാനത്താവളം കൂടുതല്‍ ശക്തമായ ആഗോള വ്യോമയാന ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്

