അനില്‍ മേനോന് അന്താരാഷ്ട്ര ബഹിരാകാശ നിലയിലേക്കുള്ള യാത്ര ആരംഭിച്ചു.അനില്‍ മേനോന് ഉള്‍പ്പെടുന്ന സൊയൂസ് എംഎസ്-29 ദൗത്യം കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസിന്റെ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനില്‍ മേനോന്റെ സഹയാത്രികര്‍. ഇന്ത്യന്‍ സമയം രാത്രി 11.26-ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യുമെന്നും, 15-ാം തീയതി പുലര്‍ച്ചെ 1.30-ഓടെ മൂന്നംഗ സംഘം ഐഎസ്എസിലേക്ക് പ്രവേശിക്കുമെന്നുമാണ് നാസ അറിയിച്ചത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷന്-74 ദൗത്യത്തിന്റെ ഭാഗമായാണ് ഇവര്‍ എട്ട് മാസത്തോളം ഐഎസ്എസില്‍ കഴിയുക. അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക.

