കോഴിക്കോട് പാളയത്ത് ബിജു എന്നയാളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 22 കാരനായ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയ്ക്ക് കൊണ്ടുപോയതിലുള്ള കടുത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കസ്റ്റഡിയിലുള്ള യുവാവ് മൊഴി നല്‍കി. യുവാവിന്റെ കൈകളില്‍ മുറിവേറ്റ പാടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് ബിജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ ബിജുവിന്റെ ശരീരത്തില്‍ 45-ഓളം മാരകമായ മുറിവുകളുണ്ടെന്ന് വ്യക്തമായി. ഇതില്‍ 18 ഓളം കുത്തുകള്‍ കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമാണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ബിജുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി സംസ്കാര ചടങ്ങുകളില്‍ വരെ പങ്കെടുത്തതായി പോലീസ് കണ്ടെത്തി. കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആദ്യ ദിനം തന്നെയാണ് പ്രതി പിടിയിലാകുന്നത്.

