പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയും അവിടെ താമസിക്കുന്ന മറ്റൊരു വ്യക്തിയുമാണ് അറസ്റ്റിലായത്.പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക അധിക്രമം നേരിടേണ്ടി വന്നത്. നിലവിൽ വിദേശത്തുള്ള അച്ഛനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. കേസിൽ ആകെ ഏഴ് കേസുകളിലായി ഏഴ് പേരെയാണ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.താൻ നേരിട്ട പീഡനവിവരം കുട്ടി സഹപാഠികളോടാണ് ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഇടപെടുകയും വിഷയം പോലീസിൽ എത്തിക്കുകയുമായിരുന്നു. മലയാലപ്പുഴ പോലീസാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പോലീസിന് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.

