കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി കോഴിക്കോട് നഗരത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് എം. വീരാൻകുട്ടി പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. കോൺഗ്രസിൽ അഖിലേന്ത്യ തലത്തിൽ പിളർപ്പുണ്ടായ ഘട്ടത്തിൽ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിന്ന യൂത്ത് കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. മുല്ലപ്പള്ളി രാമചന്ദ്രൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത്, യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.അഡ്വ. പി. ശങ്കരന് ശേഷം കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡി.സി.സി) അധ്യക്ഷനായി സേവനം അനുഷ്ഠിച്ച അദ്ദേഹം, കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. 2006-ൽ നാദാപുരം നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിട്ടുണ്ട്. പാർട്ടി പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പം നിന്നതിന് എ.കെ. ആന്റണിയുടെ മുൻകൈയിലാണ് അദ്ദേഹത്തിന് കേരളത്തിന്റെ പ്രഥമ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകി ആദരിച്ചത്.കോനോത്ത് ഫാത്തിമയാണ് ഭാര്യ. ഫായിസ്, ഫവാസ് (ഇരുവരും ഖത്തർ), ഫാസിൽ, എം.വി. ഫാരിസ് എന്നിവരാണ് മക്കൾ. ഫാത്തിമ ജസ്ബിൻ പറമ്പൻ, ഷോമിയ, ഫാത്തിമ താനി എന്നിവർ മരുമക്കളാണ്. ഉണ്ണീൻ ഹാജി മധുരക്കുഴി, റഹ്‌മാൻ മധുരക്കുഴി എന്നിവർ സഹോദരങ്ങളാണ്. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കാമശ്ശേരി ജുമാ അത്ത് പള്ളി ഖബർസ്ഥാനിലാണ് മൃതദേഹം കബറടക്കിയത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

