ആറന്മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സാഹചര്യം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന് അബിന്‍ വര്‍ക്കി എം എല്‍ എ.എം വി ഡി ഇടപെടല്‍ സംശയാസ്പദമാണ്. സി പി എം സൈബര്‍ അണികളും നേതാക്കളും എം വി ഡിക്കൊപ്പമായിരുന്നുവെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
പ്രളയരക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ജില്ലയിലെയാകെ ആളുകള്‍ അഭയം തേടുന്ന ഒരു ടൗണില്‍ കാര്‍ക്കശ്യത്തോടു കൂടിയുള്ള ചെക്കിങ് നടത്തിയതും പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു വാഹനത്തിന് ഫൈന്‍ ഇടുന്നതും അനൗചിത്യമാണ്. ‘നിന്നെ ആരെങ്കിലും നിര്‍ബന്ധിച്ചോ രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ എന്ന്’ ഒരു ഉദ്യോഗസ്ഥന് ചോദിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യം എന്താണെന്നുള്ളത് വ്യക്തമാകണം. അതാണ് ഞാന്‍ ഗതാഗത വകുപ്പ് മന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ കുറെ സൈബര്‍ സഖാക്കള്‍ ഉണ്ട്. നിങ്ങള്‍ എം വി ഡിക്കൊപ്പമാണോ വാഹന ഉടമകളായ ആ രണ്ട് ചെറുപ്പക്കാര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം. അവര്‍ എം വി ഡിക്കൊപ്പമാണ്. എം വി ഡി ഫൈന്‍ വീണ്ടും ഇടണം എന്ന് പറയുന്നവരാണ്. ഞാന്‍ ആ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ചെറുപ്പക്കാര്‍ക്കൊപ്പമാണ്.കോടതി വിധിയെ പൂര്‍ണാര്‍ഥത്തില്‍ ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ടാണല്ലോ ഹൈക്കോടതി വിധിച്ച ആ പിഴത്തുക അടക്കാന്‍ തയ്യാറാകുന്നത്. ആഗസ്റ്റ് ഒന്നിന് അഭിഭാഷകരുടെ വള്ളസദ്യ ഉണ്ടായിരുന്നു. അതിന് ഹൈക്കോടതിയിലെ ഉന്നതരായ വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും ആറന്മുള ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് റോഡിലേക്ക് പോകാന്‍ നേരത്ത് അവര്‍ക്ക് സഹായകരമായി പോലീസിനും ഫയര്‍ഫോഴ്സിനും ഒപ്പം ഈ ഓഫ്റോഡ് വണ്ടികളും ഉണ്ടായിരുന്നുവെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ഹൈക്കോടതി നിര്‍ദേശിച്ച പിഴത്തുകയായ 45,000 രൂപ ഹൈക്കോടതി അഭിഭാഷക കൂട്ടായ്മക്ക് വേണ്ടി അരുണ്‍ എസ് നായര്‍ ജീപ്പ് ഉടമകളായ അമലിനും ആര്‍ദ്രക്കും കൈമാറി.

