കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 18-ാം തീയതിയായിരുന്നു ഫസീനയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ഇവർക്ക് കടുത്ത പനിയും അണുബാധയുമുണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വയർ തുറന്നുള്ള മറ്റൊരു ശസ്ത്രക്രിയകൂടി നടത്തിയെങ്കിലും, വെള്ളിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

