ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച് പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം.അടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥികളായ അഞ്ച് സീനിയർ വിദ്യാർത്ഥികള്‍ ചേർന്നാണ് പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാർത്ഥിയായ 16-കാരനെ മർദ്ദിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയോടെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി സ്കൂള്‍ സ്റ്റേജിന് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മർദ്ദനം നടത്തിയത്. ഇടിവള ഉള്‍പ്പെടെയുള്ള മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.കൂടാതെ, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തടഞ്ഞുവെച്ച് ശുചിമുറിയില്‍ പൂട്ടിയതായും കുട്ടി പറഞ്ഞു.മർദ്ദനത്തില്‍ മുഖത്തും പുറത്തും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി അടൂർ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. സ്കൂള്‍ അധികൃതർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂർ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബം നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.5 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.

