പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ ചേരും. ഒമ്പത് ദിവസമാണ് സഭ സമ്മേളിക്കുക. ഇതിൽ എട്ട് ദിവസം നിയമനിർമാണത്തിനും ഒരു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവച്ചിട്ടുണ്ട്. സുപ്രധാനമായ ഒമ്പത് ബില്ലുകൾ സമ്മേളനകാലയളവിൽ സഭയുടെ പരിഗണനയ്ക്ക് വരും.കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ, സർവകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട പിഎസ്സിയുടെ അധിക ചുമതലകൾ സംബന്ധിച്ച ഭേദഗതി ബിൽ, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ഭേദഗതി ബിൽ, രണ്ട് സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, കേരള സ്വകാര്യ സർവകലാശാലകളും കേരള നോളജ് വാലിയും സംബന്ധിച്ച ബിൽ, കേരള ധനസംബന്ധമായ ഉത്തരവാദിത്ത ഭേദഗതി ബിൽ, കേരള സിദ്ധാർഥൻ റാഗിങ് നിരോധനവും വിദ്യാർഥി ക്ഷേമവും ബിൽ, കേരള കായികതാരങ്ങളുടെ ക്ഷേമവും കായിക വികസനവും ഭരണനിർവഹണവും ബിൽ എന്നിവയാണ് സഭ പരിഗണിക്കുക.നിയമനിർമാണത്തിനായി മാത്രം ചേർന്ന രണ്ടാം സമ്മേളനം പിരിഞ്ഞ് ഒരു മാസത്തിനുശേഷം വീണ്ടും നിയമനിർമാണത്തിനായി സഭ സമ്മേളിക്കുന്നുവെന്ന പ്രത്യേകതയും മൂന്നാം സമ്മേളനത്തിനുണ്ട്.പതിനഞ്ചാം കേരള നിയമസഭ പാസാക്കി ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്ന 2025ലെ കേരള സ്വകാര്യ സർവകലാശാലാ ബിൽ പിൻവലിക്കുന്നതിനുള്ള ഉപക്ഷേപവും ഈ സമ്മേളനത്തിൽ പരിഗണിക്കും. ബിൽ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം സമ്മേളനത്തിൽ സഭ ഉപക്ഷേപം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്ന ബിൽ ഗവർണർ സന്ദേശത്തോടൊപ്പം നിയമസഭയ്ക്ക് തിരിച്ചുനൽകിയിട്ടുണ്ട്.അതേസമയം, നിയമസഭാ സമ്മേളനകാലത്ത് സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. സന്ദർശകരുടെ വർധനമൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം.

