കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ‘ഋതുലയം 2026’ന് ഇന്ന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമാകും. രാവിലെ 10.30ന് മന്ത്രി മോൻസ് ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്യും. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിക്കും.ഇന്നും നവംബർ 30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിലുമായാണ് മത്സരങ്ങൾ നടക്കുക. ഞായറാഴ്ച മത്സരങ്ങൾക്ക് അവധിയായിരിക്കും. കാഞ്ഞിരപ്പള്ളിയിലെ ആറ് സ്കൂളുകളിലും മഹാജൂബിലി ഹാളിലുമായി 15 വേദികളാണ് കലോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്. സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി. മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പഴയ ഓഡിറ്റോറിയത്തിൽ ഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഇത്തവണ ജില്ലാ കലോത്സവത്തിൽ 29 ഇനങ്ങളിൽ ഓരോ മത്സരാർഥി മാത്രമാണുള്ളത്. ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം, ഹയർ സെക്കൻഡറി ആൺവിഭാഗം കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, ബാൻഡ് മേളം, കഥകളി, നാഗസ്വരം തുടങ്ങിയ ഇനങ്ങളിലാണ് ഒറ്റയാൾ പോരാട്ടം. അറബിക് കലോത്സവത്തിലും 17 ഇനങ്ങളിൽ ഓരോ മത്സരാർഥി മാത്രമാണുള്ളത്.നാലുദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിന് ഡിസംബർ രണ്ടിന് സമാപനമാകും.

