തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ 13 ദിവസത്തെ സമരത്തിന് ശേഷം ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍.
ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.
മന്ത്രിയുടെ ചേംബറില്‍ നാളെ വൈകിട്ട് മൂന്നിനായിരിക്കും ചര്‍ച്ച നടക്കുന്നത്.
ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.
ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം.
മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തില്‍ നിന്ന് സിഐടിയു പിന്നോട്ട് പോയത്.
എന്നാല്‍ ഈ ഉറപ്പില്‍ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
പരിഷ്‌കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്.
ഈ വിധിയും നിര്‍ണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.
ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് നാളെ ചര്‍ച്ച വിളിച്ചിരിക്കുന്നത്.