കൊട്ടിക്കലാശത്തില്‍ വയനാടിനെ ആവേശത്തിലാക്കി വൈകാരിക പ്രസംഗവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. മാനന്തവാടിയിലെ റോഡ് ഷോയില്‍ ജനസാഗരത്തെ അഭിസംബോധന ചെയ്തായിരുന്നു ഇരുവരുടേയും പ്രസംഗം. തന്നെ ജയിപ്പിച്ചാല്‍ വയനാട് പോലൊരു പ്രദേശത്തെ അഭിസംബോധന ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ത്യയില്‍ മഹത്തായതെല്ലാം വയനാട്ടിലുണ്ട്. വളരെ സുന്ദരമായ ഈ പ്രദേശത്തെ പരസ്പര സ്‌നേഹവും സാഹോദര്യവും ആന്തരിക ചൈതന്യത്തിന്റെ സൗന്ദര്യവും കണ്ട് തനിക്ക് അഭിമാനമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. സുഖദുഃഖങ്ങളില്‍ താന്‍ കൂടെയുണ്ടാകുമെന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ചുതുടങ്ങുകയാണെന്നും പ്രിയങ്ക പറഞ്ഞു. മലയാളം പഠിക്കുമെന്ന് പറഞ്ഞ പ്രിയങ്ക താന്‍ പുതിയതായി പഠിച്ച മലയാള വാക്യം അഭിമാനത്തോടെ പറഞ്ഞു. ഞാന്‍ ഉടനെ തിരിച്ചുവരുമെന്ന് പ്രിയങ്ക മലയാളത്തില്‍ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകരും വയനാട്ടുകാരും വന്‍ കരഘോഷത്തോടെ അതിനെ സ്വീകരിച്ചു.വയനാടിനെക്കുറിച്ച് ഏറെ സ്‌നേഹത്തോടെ സംസാരിച്ച രാഹുല്‍ ഗാന്ധി ഐ ലവ് വയനാട് എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് എത്തിയത്. വയനാടിന്റെ എംപിയായിരുന്ന കാലം തന്നെ വല്ലാതെ പരിവര്‍ത്തനം ചെയ്‌തെന്ന് രാഹുല്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ പദാവലിയില്‍ സ്‌നേഹം എന്ന വാക്ക് കൂട്ടിച്ചേര്‍ത്തത് വയനാടാണ്,. ഇവിടെ നിന്നാണ് ഭാരത് ജോഡോ യാത്ര എന്ന സ്‌നേഹം കൊണ്ടുള്ള ഒരു പദയാത്രയ്ക്കുള്ള ആശയം ലഭിച്ചത്. സഹോദരിയെ തനിക്ക് നന്നായറിയാം. അവര്‍ തന്റെ കുട്ടികളെ എങ്ങനെ പരിപാലിക്കുമെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. അവളെ നിങ്ങള്‍ക്ക് തരികയാണെന്നും തന്റെ സഹോദരി പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.കെ സി വേണുഗോപാലും കെ മുരളീധരനും ഉള്‍പ്പെടെയുള്ള നേതാക്കളും വയനാട്ടിലെത്തിയിരുന്നു. മഴയത്ത് കാത്തുനിന്ന പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലും പ്രിയങ്കയും ഇറങ്ങിയതോടെ ആവേശം വാനോളമുയര്‍ന്നു. ചെണ്ടമേളത്തിനൊപ്പം താളം പിടിച്ച രാഹുലും പ്രിയങ്കയും വയനാട്ടുകാര്‍ക്ക് ആവേശക്കാഴ്ചയായി. നിങ്ങളെന്ന അമ്മയായും മകളായും കാണുന്നതിന് വയനാട്ടുകാരോട് നന്ദി അറിയിക്കുന്നതായും റോഡ് ഷോയ്ക്കിടെ പ്രിയങ്കാ ഗാന്ധി പറഞ്ഞു.