ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച എറണാകുളത്തും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട് ജില്ലയിലും യെല്ലോ അലർട്ടാണ്.
തെക്കൻ തമിഴ്നാടിനും ലക്ഷദ്വീപിനും മുകളിലായാണ് ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നത്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.