മണ്ഡല പൂജയ്ക്കു തുടക്കം കുറിച്ച് വൃശ്ചിക പുലരിയില്‍ ശബരിമലയില്‍ അയ്യനെ കണ്ട് തൊഴാന്‍ സന്നിധാനത്ത് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ എത്തി.
പുലര്‍ച്ചെ മൂന്നിന് ക്ഷേത്രനട ശബരിമല മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി തുറന്നു, മാളികപ്പുറം ക്ഷേത്രനട മേല്‍ശാന്തി വാസുദേവൻ നമ്പൂതിരിയും തുറന്നു.
ദര്‍ശനത്തിനായി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയത്.
മണ്ഡല പൂജയ്ക്കായി തുറന്ന നട ഇന്നലെ രാത്രി അടയ്ക്കുമ്പോഴും തീർത്ഥാടകരുടെ വരവ് തുടർന്നു. ഇവരെ പിന്നീട് പതിനെട്ടാം പടി ചവിട്ടി അന്നദാന മണ്ഡപത്തിന് സമീപം വിരിവെക്കാൻ അനുവദിക്കുകയായിരുന്നു.
പുലര്‍ച്ചെ മൂന്നു മണിക്ക് നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പഭക്തരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു.
സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏർപ്പെടുത്തിയിരിക്കുന്നത്.