കോട്ടയം പനച്ചിക്കാട് പാറയ്ക്കൽക്കടവ് കല്ലുങ്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.പനച്ചിക്കാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയ മധുസൂധനന്റെ ഭർത്താവ് ചാന്നാനിക്കാട് പുളിവേലിൽ മധുസൂധനൻ നായരാ(60)ണ് മരിച്ചത്.
ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം മരിച്ച പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് കോട്ടയം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ സിബി ജോണിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു മധുസൂധനൻ നായർ.കൊല്ലാട് പാറയ്ക്കൽക്കടവ് – പരുത്തുംപാറ റോഡിൽ കല്ലുങ്കൽക്കടവ് ഭാഗത്ത് അപകടം ഉണ്ടായത്.
ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ നിന്നും എത്തിയ കാർ ഇടിയ്ക്കുകയായിയരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിന്റെ അടിയിലേയ്ക്കു ഇടിച്ചു കയറി. ഓടിക്കൂടിയ യാത്രക്കാർ ചേർന്ന് കാർ എടുത്ത് ഉയർത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.