മലയാറ്റൂർ – നീലീശ്വരം ഗ്രാമപഞ്ചായത്ത് പാത കൈയ്യേറി സ്ഥാപിച്ച പടവുകൾ ഒരാഴ്ചക്കുള്ളിൽ പൊളിച്ചു നീക്കാൻ മന്ത്രി പി രാജീവ് റവന്യൂ വകുപ്പിനു നിർദേശം നൽകി. അശോകപുരം സ്വദേശി എ കെ നുസ്രത്ത് നൽകിയ പരാതിയിലാണു നടപടി. കയ്യേറ്റം മൂലം തങ്ങൾക്കുസുഗമമായി യാത്ര ചെയ്യാനും വാഹനങ്ങൾ കൊണ്ടുപോകാനും കഴിയുന്നില്ല എന്നായിരുന്നു നുസ്രത്തിൻ്റെ പരാതി. കഴിഞ്ഞ അദാലത്തിന്റെ തീരുമാനപ്രകാരം പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, വീണ്ടും കയ്യേറ്റം നടന്നതായി പരാതിയിൽ പറയുന്നുണ്ട്. കയ്യേറ്റം നടന്നിട്ടുണ്ടെന്ന് കാലടി വില്ലേജ് ഓഫീസർ തഹസിൽദാർക്കു റിപ്പോർട്ട് നൽകിയിരുന്നു. അനധികൃതമായി പഞ്ചായത്ത് റോഡ് കൈയ്യേറി സ്ഥാപിച്ച പടവുകൾ ഏഴു ദിവസത്തിനുളളിൽ നീക്കം ചെയ്യേണ്ടതാണെന്നു കേരള പഞ്ചായത്ത് രാജ് ചട്ട പ്രകാരം ബന്ധപ്പെട്ട വ്യക്തിക്കു മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ട്. കയ്യേറ്റം പൊളിച്ചു നീക്കുവാൻ ഉള്ള ചെലവ് എതിർകക്ഷിയിൽ നിന്നും ഈടാക്കണമെന്നു മന്ത്രി നിർദ്ദേശിച്ചു. കയ്യേറ്റം സംബന്ധിച്ചു പഞ്ചായത്ത് പോലീസിൽ പരാതി നൽകണം. ഇതിനു നിയമാനുസൃതമായ നടപടി കാലടി പോലീസ് സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.