കെ.ആര്‍ മീരക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിനെയും ഹിന്ദുമഹാസഭയെയും താരതമ്യം ചെയ്തുകൊണ്ടുള്ള പരാമര്‍ശത്തിനാണ് മറുപടി. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. പ്രസ്താവന എന്ത് അടിസ്ഥാനത്തില്‍ എന്ന് മനസ്സിലായില്ലെന്നും മറുപടി പറയേണ്ടെന്നാണ് ആദ്യം കരുതിയതെന്നും അദ്ദേഹം കുറിച്ചു. ചരിത്ര സത്യങ്ങള്‍ വാക്കുകള്‍ കൊണ്ട് വായിക്കാനോ വ്യാഖ്യാനങ്ങള്‍ കൊണ്ട് മറക്കാനോ കഴിയില്ല. വസ്തുതകള്‍ പറഞ്ഞു പോകുന്നത് അതുകൊണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാജ്യത്ത് മതേതരത്വം നിലനിന്നു കാണണമെന്ന് ചിന്തിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസിനെ തള്ളിക്കളയാന്‍ ആവില്ല. ഇന്ത്യ എന്ന് മഹത്തായ ആശയം കോണ്‍ഗ്രസ് ഇല്ലാതെ പൂര്‍ണമാകില്ല. കോണ്‍ഗ്രസിനെ ആക്രമിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനാണ് കെ.ആര്‍ മീരയുടെ ശ്രമം. തെരഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലെത്താനും ആര്‍.എസ്.എസുമായി കൈകോര്‍ത്ത സി.പി.ഐഎമ്മിന്റെ ചരിത്രം എഴുത്തുകാരി എന്തുകൊണ്ട് മറന്നുപോകുന്നു – അദ്ദേഹം കുറിച്ചു.