പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ ഓറൽ ക്യാൻസർ കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഗണ്യമായ വർദ്ധനവ് കണ്ടെത്തി വിപിഎസ് ലേക്‌ഷോറിലെ പഠനം. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗത്തിന്റെ ഗവേഷണത്തിലാണ് പുതിയ നിർണായക കണ്ടെത്തൽ. പുകയിലയോ മദ്യ ഉപയോഗമോ ക്യാൻസർ രോഗികളിൽ സാധാരണയായി കാണാറുണ്ട്, എന്നാൽ ഇപ്പോൾ ഈ ശീലങ്ങൾ ഇല്ലാത്തവരിലും ഓറൽ ക്യാൻസർ രോഗം കണ്ടെത്തുന്നത് വർധിച്ചു. ഈയടുത്ത വർഷങ്ങളിൽ കണ്ടെത്തിയ ഓറൽ ക്യാൻസർ കേസുകളിൽ 57 ശതമാനം പേരും മുൻപ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്. പുതിയ ഡാറ്റ പ്രകാരം 61 ശതമാനം കേസുകൾ നാവിലെ ക്യാൻസറുകളും 19 ശതമാനം കേസുകൾ ബക്കൽ മ്യൂക്കോസയിലാണെന്നും പഠനം കാണിച്ചു. കൂടാതെ, മൂന്ന് ശതമാനം കേസുകൾ വായയുടെ അടിഭാഗത്തും മൂന്ന് ശതമാനം താഴത്തെ ആൽവിയോളസിലും ഒരു ശതമാനം മുകളിലെ ആൽവിയോളസിലുമാണ്. 2014 ജൂലൈ മുതൽ 2024 ജൂലൈ വരെയുള്ള പത്ത് വർഷത്തിനിടെ 515 രോഗികളിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തൽ നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി