ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധിയായ പ്രൊഫ. കെ വി തോമസ് തന്റെ യാത്രാപടി വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് നൽകിയ അപേക്ഷ മന്ത്രിസഭാ യോഗത്തിൽ പരിഗണനയ്ക്ക് വന്നിരിക്കുന്നു. തന്റെ പ്രതിവർഷ യാത്രാബത്ത അഞ്ചുലക്ഷത്തിൽ നിന്നും 11 ലക്ഷം രൂപയാക്കണമെന്നായിരുന്നു അപേക്ഷ. പ്രതിവർഷം ലഭിച്ചുകൊണ്ടിരിക്കുന്ന അഞ്ചുലക്ഷം യാത്രയ്ക്ക് തികയുന്നില്ലെന്നും യാത്രാബത്ത 11 ലക്ഷമാക്കി വർധിപ്പിക്കണമെന്നുമായിരുന്നു അപേക്ഷ. അപേക്ഷ പരിഗണിക്കുകയും 11. 31 ലക്ഷം രൂപയായി യാത്രാബത്ത ഉയർത്താനുമാണ് സർക്കാരിന്റെ ശിപാർശ.പ്രതിവർഷം ലഭിക്കുന്ന അഞ്ചുലക്ഷത്തിൽ നിന്നും ഗണ്യമായ വർധനയാണ് കേരള പ്രതിനിധിക്ക് നൽകുന്നത്. ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാപടിയിൽ വർധനവേണമെന്നും ഇപ്പോൾ ലഭിക്കുന്നതുകൊണ്ട് യാത്ര ചെയ്യാൻ കഴിയില്ലെന്നും കെ വി തോമസിന്റെ ഓഫീസ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് യാത്രാബത്ത വർധിപ്പിക്കാൻ ധനവകുപ്പിനോട് മന്ത്രിസഭായോഗം ശിപാർശ ചെയ്തിരിക്കുന്നത്. ഇന്നലെ നടന്ന സബ്കമ്മിറ്റി യോഗമാണ് യാത്രാബത്ത വർധിപ്പിക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ചത്. സബ്ജക്റ്റ് കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ച് ധനവകുപ്പിന് കൈമാറിയതോടെ 11.31 ലക്ഷം രൂപ നടപ്പുമാസം മുതൽ കെ വി തോമസിന് ലഭിക്കും.