ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്‌നാനത്തോടെ മഹാകുംഭമേളയ്‌ക്ക് സമാപനമാകും. 2027ല്‍ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിലാണ് പ്രയാഗ്‌രാജ് കുംഭമേള ആരംഭിച്ചത്. ശിവരാത്രി ദിനത്തില്‍ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് മുൻകൂട്ടി കണ്ട് പഴുതടച്ച ക്രമീകരണങ്ങളാണ് ഉത്തർപ്രദേശ് സർക്കാരും റെയില്‍വേയും ഉള്‍പ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. മഹാശിവരാത്രി സ്‌നാനം ഇന്ന് രാവിലെ 11.08ന് ആരംഭിക്കും. നാളെ രാവിലെ 08.54 വരെയാണ് സ്‌നാനത്തിനുള്ള പുണ്യസമയം.ഇതുവരെ 63.36 കോടിയില്‍പ്പരം തീർത്ഥാടകരെത്തിയെന്നാണ് കണക്കുകള്‍. മേഖലയിലാകെ സുരക്ഷാസന്നാഹം ശക്തമാക്കി. വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂർണമായി വിലക്കി. മെഡിക്കല്‍ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജം.