മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരന് മറുപടിയുമായി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. തനിക്ക് അർഹതപ്പെട്ട പെൻഷനാണ് ലഭിക്കുന്നത്. തനിക്കുള്ളത് ഒരു ലക്ഷം രൂപയുടെ ഓണറേറിയം. പ്രതിമാസം 30 ലക്ഷം രൂപ തനിയ്ക്ക് ലഭിക്കുന്നുണ്ടെന്ന് തെളിയിച്ചാൽ 25 ലക്ഷം ജി സുധാകരന് നൽകാമെന്നും കെ വി തോമസ് പറഞ്ഞു.താൻ ഇപ്പോഴും ഒരു കോൺഗ്രസ് കാരനാണ്. കൊല്ലം സമ്മേളനത്തിന് താൻ പോയില്ല.താൻ സിപിഐഎം അംഗത്വം എടുത്തിട്ടില്ല.ജി സുധാകരന്റെ നിലവിലെ മൈൻഡ് സെറ്റ് തങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ ആഞ്ഞടിച്ചിരുന്നു. ഡൽഹിയിലിരിക്കുന്ന കെ വി തോമസിന് മാസം പത്തു മുപ്പതു ലക്ഷം രൂപയാണ് കിട്ടുന്നതെന്നും, ഇതൊക്കെ പുഴുങ്ങി തിന്നുമോ എന്നുമാണ് ജി സുധാകരന്റെ ചോദ്യം. നിയമനം പാഴ്ചിലവാണെന്നും കൂറുമാറ്റത്തിനും, കാലുമാറ്റത്തിനും നൽകിയ പ്രത്യുപകാരമാണ് കെ വി തോമസിന്റെ നിയമനം എന്നും N K പ്രേമചന്ദ്രൻ എംപി വിമർശിച്ചു.