ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ച് ദിവസങ്ങള്‍ക്ക് ശേഷം നരേന്ദ്ര മോദി ചൊവ്വാഴ്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് സൈനികരെ അഭിനന്ദിച്ചത്.സൈനികര്‍ക്കൊപ്പം ആശയവിനിമയം നടത്താനും മോദി സമയം ചെലവഴിച്ചു. ആദംപൂര്‍ വ്യോമതാവളത്തിലെ സുരക്ഷാ സ്ഥിതിഗതികള്‍ മോദി വിലയിരുത്തി. ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂറിന്’ ശേഷം മെയ് 9, 10 തീയതികളിലെ രാത്രിയില്‍ പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ച വ്യോമസേനാതാവളങ്ങളില്‍ ആദംപൂരും ഉള്‍പ്പെടുന്നു.ആദംപൂരിലെ ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 യുദ്ധവിമാനങ്ങളില്‍ നിന്ന് തൊടുത്തുവിട്ട ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാകിസ്ഥാന്റെ വ്യാജ ആരോപണമാണ് എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇന്ത്യന്‍ സായുധ സേന അചഞ്ചലമായ ധൈര്യം പ്രകടിപ്പിച്ചതായാണ് കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്.