കോട്ടയം വൈഎംസിഎ ബിൽഡിംഗിലെ കോഫി ഹൗസ് അടച്ചുപുട്ടുന്നു.ജീവനക്കാരുടെ കുറവും,കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഈ മാസം 30ന് പ്രവർത്തനം അവസാനിപ്പിക്കാൻ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബ്രാഞ്ച് അധികൃതർക്ക് നിർദേശം നൽകി. 2009 ഫെബ്രുവരി 15നാണ് നഗരമധ്യത്തിൽ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിനു സമീപമുള്ള വൈഎംസിഎ കെട്ടിടത്തിൽ ഈ കോഫി ഹൗസ് പ്രവർത്തനമാരംഭിക്കുന്നത്.ആരംഭകാലത്ത് നല്ല രീതിയിൽ പ്രവർത്തിക്കുകയും ഒരു ലക്ഷത്തിനു മുകളിൽ കച്ചവടം ലഭിക്കുകയും ചെയ്തിരുന്ന ബ്രാഞ്ചുകളിലൊന്നായിരുന്നു ഇത്.എന്നാൽ പിന്നീട് ഇത് നഷ്ടത്തിലാവുകയായിരുന്നു.
കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തുചേരാനും സംസാരിക്കാനുമായി എത്തിയിരുന്നതും ഇവിടെയായിരുന്നു. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഇവിടെ ഒത്തുകൂടുന്നവർ ചേർന്ന് കോഫി ഹൗസ് കൂട്ടായ്മയും ഉണ്ടായിരുന്നു. ജീവനക്കാരുടെ കുറവാണ് പൂട്ടാൻ പ്രധാന കാരണങ്ങളിലൊന്ന്. ഇത് കച്ചവടത്തെ ബാധിച്ചു. കെട്ടിട വാടക നൽകി കഴിഞ്ഞാൽ ലാഭമില്ലാത്ത സ്ഥിതിയായി. ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് സംഘത്തിൽ പുതിയ ആളുകളെ നിയമിക്കാൻ സംഘത്തിൻറെ രജിസ്ട്രാർ കൂടിയായ വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടർ അനുമതി നൽകുന്നില്ല. ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘമാണ് നൽകുന്നത്.