അയ്യോ.., ഗാന്ധിയപ്പൂപ്പന് ഷർട്ടില്ല..!

ജെ.ജി. കുഴിയാഞ്ഞാൽ


അടുത്തിടെ കൊച്ചുകുട്ടികൾക്കായി ഒരു കാർട്ടൂൺ ക്ലാസ്. ഗാന്ധിജിയെ വരച്ചൂകാണിക്കുന്ന കാർട്ടൂണിസ്റ്റിനോട് ഒരു കൊച്ചുകുട്ടി ചോദിച്ചു: അങ്കിളേ.., ‘ഈ ഗാന്ധിയപ്പൂനെന്താ ഷർട്ടില്ലാത്തത്..?
മറ്റൊരു കൊച്ചിന്റെ കമന്റ്: ‘ചൂട് എടുത്തിട്ടായിരിക്കും…!’
കാർട്ടൂണിസ്റ്റിന്റെ മറുപടി, ‘അല്ല, ഗാന്ധിജി കുപ്പായമിടാഞ്ഞതേ.. അന്ന് നമ്മുടെ ഇന്ത്യല്, ഒരുപാട് ആളുകൾക്കു അന്നേരം കുപ്പായം ഇല്ലായിരുന്നു, അപ്പോ ഗാന്ധിജി പറഞ്ഞു, എല്ലാവർക്കും കുപ്പായം ഇല്ലെങ്കിലേ ഞാനും കുപ്പായം ഇടുന്നില്ല എന്ന്… ചൂട് എടുത്തിട്ടല്ല ട്ടോ’. ഒരു എൽ.കെ.ജി. കുട്ടിയോട് ഇതുപോലുള്ള കാര്യങ്ങൾ അതു പറയേണ്ട ഈണത്തിൽ പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ വിടർന്ന കണ്ണുകൾ കൂടുതൽ തിളക്കമുള്ളതായി. കാര്യം മനസ്സിലായപോലൊരു മൂളലും വന്നു. ടീച്ചർ പറഞ്ഞതിന്റെ ആഴത്തിലുള്ള അർത്ഥം ഒരുപക്ഷേ ആ കുഞ്ഞിന് പൂർണമായി മനസ്സിലായിട്ടുണ്ടാവില്ല. പക്ഷേ, ഗാന്ധിജിയെക്കുറിച്ചും രാജ്യത്തെക്കുറിച്ചും ആ കുഞ്ഞു മനസ്സിൽ പലതും പതിഞ്ഞിട്ടുണ്ടാവും.
രാജ്യത്തെമ്പാടും മഹാത്മാഗാന്ധിയുടെ നിരവധി ചിത്രങ്ങൾ കാണാനാവും. തെരുവുകളിൽ പ്രതിമകളും. ഈ പിഞ്ചുകുട്ടിയും അതെവിടെങ്കിലും കണ്ടിട്ടുണ്ടാവും. ഷർട്ടിടാത്ത, പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നു, ചിലപ്പോൾ ഒരു മേൽമുണ്ടു കഴുത്തിൽചുറ്റി നടക്കുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി. ഏതു ഭാരതീയന്റെയും മനസ്സിൽ പതിഞ്ഞ നാമം, മായാത്ത മുഖം. മായ്ച്ചാലും മായാത്ത ആ രൂപം വികലമാക്കാനുള്ള നീക്കം ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ, ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരനും അത് അനുവദിക്കുമെന്നു തോന്നുന്നില്ല. എങ്കിലും ശ്രമങ്ങൾ ഉർജിതമാക്കും.
മഹാത്മാഗാന്ധിയെ ഇകഴ്ത്തിക്കാട്ടാനും ഗാന്ധിജിയുടെ ജീവിതത്തെ പാഠഭേദങ്ങളിലൂടെ അവതരിപ്പിക്കാനും വ്യാപക ശ്രമങ്ങളാണു നടക്കുന്നത്. മലയാളത്തിലും ചില ഓൺലൈൻ ചാനലുകളിലും മറ്റും ഇത്തരം ശ്രമങ്ങൾ കാണാനാവും. വിഷയം അവതരിപ്പിക്കുന്നവർ പലരും പ്രമുഖരാണ്. അതുകൊണ്ടുതന്നെ ആ വാഗ്വിലാസത്തിലും അവതരണശൈലിയിലും പലരും വീണുപോയേക്കാം. അതുതന്നെയാവും അവരുടെ ലക്ഷ്യവും. അതു സത്യാന്വേഷണമല്ല, സത്യത്തെ വളച്ചൊടിക്കലാണ്.
മഹാത്മാഗാന്ധി ഒരു മനുഷ്യൻ തന്നെയാണ്, അതിമാനുഷനല്ല. അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലും ചില അപസ്വരങ്ങളുണ്ടായിട്ടുണ്ട്. അതിനപ്പുറം അദ്ദേഹം രാജ്യത്തോടും ഈ ജനതയോടും കാണിച്ച കരുതലും അദ്ദേഹം ഉയർത്തിപ്പിടിച്ച ജീവിതദർശനങ്ങളും നാം വിലയിരുത്തേണ്ടതില്ലേ. ഏതു മഹാത്മാവാണ് എല്ലാം തികഞ്ഞവരായിരുന്നത്. അവരുടെ ജീവിതം തുറന്ന പുസ്തകമല്ലേ. അതിലെ ചില പേജുകൾ മാത്രമെടുത്ത് ചിലർ വായിക്കുന്നു. വായിക്കേണ്ട പേജുകൾ മറച്ചുപിടിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതം ഇന്ന് ഏറെ മാറിയിരിക്കുന്നു. സ്വാതന്ത്ര്യപൂർവ ഇന്ത്യയെയും സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളെയും നാം വിസ്മരിക്കരുത്. എത്രയോ പേരുടെ ചോരയും വിയർപ്പും ആണ് ഇന്നത്തെ ഈ ഇന്ത്യ. എത്രയോപേരുടെ ജീവത്യാഗമാണ് ഈ രാജ്യത്തെ ഇങ്ങനെയൊക്കെ ആക്കിയത്. കാലം ചെല്ലുന്തോറും രാജ്യത്തെ കരുത്തോടെ മുന്നോട്ടു നയിക്കുന്ന ജനാധിപത്യവും അതിന് അടിത്തറ പാകിയ ഇന്ത്യൻ ഭരണഘടനയുമൊക്കെ എത്രയോ മഹാത്മാക്കളുടെ ദീർഘവീക്ഷണത്തിന്റെയും കരുതലിന്റെയും ബാക്കിപത്രമാണ്.
ദാരിദ്ര്യ നിർമ്മാർജനം, സാമൂഹ്യനീതി, സ്ത്രീശക്തീകരണം എന്നിവയെക്കുറിച്ചൊക്കെ വലിയ അവകാശവാദങ്ങളാണു നാം ഉന്നയിക്കാറുള്ളത്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ന് ഇന്ത്യ.
സ്ത്രീശക്തീകരണത്തെയും സുരക്ഷയെയും വനിതാ സ്വാതന്ത്യത്തെയും കുറിച്ചു വലിയ വായിൽ പറയുന്നവരാണു നാം. സ്റ്റാർട്ട്അപ് ഇന്ത്യ, പ്രധാനമന്ത്രി മുദ്രയോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങി ദേശീയതലത്തിൽ എത്രയോ പദ്ധതികൾ. കേരളത്തിലാണെങ്കിൽ കുടുംബശ്രീ, അഭയകിരണം, സഹായഹസ്തം, എന്റെ കൂട് തുടങ്ങി ഏറെ കർമ്മപദ്ധതികൾ. എന്നാൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ സ്ത്രീസുരക്ഷ വെറുമൊരു പാഴ്‌വാക്കാണെന്നു തോന്നുന്ന വിധത്തിലാണ്.
ന്യൂഡൽഹിയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ആ പെൺകുട്ടിയുടെ പേരുപോലും പറയാതെ ‘നിർഭയ’ എന്ന നാമത്തിൽ ആ വേദന നാം ഇന്നും പേറുന്നു. നിർഭയയ്ക്കുണ്ടായതിനു സമാനമായൊരു അനുഭവമാണ് കൊൽക്കത്തയിലെ വനിതാ ഡോക്ടർക്കുമുണ്ടായത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽനിന്നു വരുന്ന മറ്റുചില വാർത്തകളും നമ്മെ പ്രാകൃതയുഗത്തിലേക്കു കൊണ്ടുപോവുകയാണ്. ദുരഭിമാനക്കൊല അരങ്ങേറുന്നു. ജാതിക്കോമരങ്ങൾ അഴിഞ്ഞാടുന്നു. തമിഴ്‌നാട്ടിലെ ധർമപുരിയിൽ മധ്യവയസ്‌കയായ ഒരു അമ്മ ജാതിസ്പർധയുടെ കടുത്ത ക്രൂരതയ്ക്ക് ഇരയായി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബസ് സ്റ്റാൻഡിൽ ബസിനകത്ത് കൗമാരക്കാരി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടതും ബംഗളൂരു കോറമംഗലയിൽ കൂട്ടുകാർക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട സംഭവവും ഇക്കഴിഞ്ഞ ദിവസങ്ങളിലാണു നടന്നത്.
നവോത്ഥാന കഥകളേറെ പറയുന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും സ്ത്രീകൾ ഇന്നും ഭീതിയുടെ നിഴലിൽതന്നെ. സ്ത്രീസുരക്ഷയ്ക്കു തടസം നിൽക്കുന്നവരിൽ ചില സ്ത്രീകളുമുണ്ട്.
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആശുപത്രി കേന്ദ്രീകരിച്ചു മയക്കുമരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നുവെന്ന സഹപ്രവർത്തകരിൽ ചിലരുടെ വെളിപ്പെടുത്തൽ അതിഭീകരമായൊരു സാഹചര്യമാണു വെളിപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങളുടെ മൂലകാരണങ്ങൾ സമൂഹത്തിൽ ആഴത്തിലിറങ്ങിയ ക്രിമിനൽ വേരുകളാണു വ്യക്തമാക്കുന്നത്.
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി കുപ്പായം ഇടാതെ നടന്നത് അന്നു രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിരുന്നു. ഇന്നാണ് ഗാന്ധിജി അങ്ങനെ ചെയ്തിരുന്നതെങ്കിൽ എന്താകുമായിരുന്നു വിമർശനങ്ങൾ. സത്യഗ്രഹവും നിസഹകരണവുമൊക്കെ സ്വാതന്ത്ര്യസമ്പാദനത്തിൽ നമുക്കു വലിയ ആയുധങ്ങളായിരുന്നു. ദണ്ഡിയാത്രയും ഉപ്പു സത്യഗ്രഹവുമൊക്കെ അന്നു ജനങ്ങളെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നു നാം തിരിച്ചറിയണം.
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്കുള്ള പ്രയാണത്തിലാണു ഭാരതം. കുതിപ്പിന്റെ നാളുകളിൽ കടന്നുപോന്ന വഴികളും കടക്കാനുള്ള കടമ്പകളും നാം തിരിച്ചറിയണം. സാമ്പത്തിക ഉന്നമനം മാത്രമല്ല, രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയുണ്ടാകുന്ന സാമ്പത്തിക സുസ്ഥിരതയാണു പ്രധാനം. കൂടുതൽ സമ്പന്നരെ സൃഷ്ടിക്കുന്നതല്ല സംതൃപ്തരായ കൂടുതൽ പൗരന്മാരുണ്ടാകുക എന്നതാണു പ്രധാനം.

പ്രൊഫ. എസ് ശിവദാസ് മാമനൊപ്പം ഒരു സായാഹ്നം

കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി എംഎസ് കോളേജ് ഗ്രേറ്റ് ഹാളിവെച്ച വൈകുന്നേരം 4...

ജിഎസ്ടി നിരക്ക് വർദ്ധന പ്രസാധനം ചിലവേറിയതാവും

അച്ചടി പേപ്പറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് ഫെഡറേഷൻ ഓഫ് കേരളാ പബ്ളീഷേഴ്സ് പത്രക്കുറിപ്പ് ഇറക്കി പുസ്തക പ്രസാധന...

ഡോൺ ബുക്സ് ക്രൈം ഫിക്ഷൻ നോവൽ മത്സരം 2025

മറച്ചുവെച്ച കൊലപാതകങ്ങൾ, ത്രസിപ്പിക്കുന്ന അന്വേഷണങ്ങൾ, പിഴവില്ലാത്ത ത്രില്ലർ — നിങ്ങൾക്ക് എഴുതാൻ കഴിയും എന്നു വിശ്വസിക്കുന്നുവോ?