അഭയവർമ്മ
അമ്മേ, എനിക്കു ജോലികിട്ടി.
പ്രതികരണമില്ല.
അയാൾ മെല്ലെ തിരിഞ്ഞു നടന്നു….
ഫോട്ടോയിലിരുന്ന പല്ലി ചിലച്ചു.
അയാൾ മുഖം തിരിച്ച് മെല്ലെ ചിരിച്ചു.
ഇടിഞ്ഞ പടിപ്പുരയ്ക്ക് അപ്പുറത്ത് അവനേയും കാത്ത് ഒരു വാഹനം.
അതു ചെന്നുനിന്നത് നഗരത്തിലെ ഒരു ഒഴിഞ്ഞ കോണിൽ. വെള്ളം കെട്ടിക്കിടക്കുന്ന വൃത്തികെട്ട റോഡ്. മാർക്കറ്റിൽനിന്നുള്ള രൂക്ഷഗന്ധം. അതിനോടു പരിചയിച്ച ഗല്ലികളിലെ അന്തേവാസികൾ. പ്രധാന പാതവിട്ട് ഒരു ചെറിയ കുടുസ്സു റോഡിലേക്ക് മുമ്പേ നടക്കുന്ന തമിഴൻ. അവൻ ഇടയ്ക്കിടെ സംശയത്തോടെ തിരിഞ്ഞു നോക്കുന്നു.
അവൻ വലിയൊരു ഗോഡൗണിന്റെ അടച്ചിട്ട ഷട്ടറിനു മുൻപിൽ നിന്നു. ആ ഷട്ടറിൽ ഒരു പ്രത്യേക താളത്തിൽ അവൻ ഇടിച്ചു.
വൈകാതെ ഷട്ടർ ഉയർന്നു. അവർ അകത്തേക്ക്,
അവിടേയും എന്തോ ചീഞ്ഞുനാറുന്ന മണം.
ഇറച്ചിവെട്ടുന്ന സ്ഥലമാണ്. മൃഗങ്ങളുടെ തലകൾ അലങ്കാരവസ്തുക്കളായി വച്ചിരിക്കുകയാണ്.
ബീഭത്സമെങ്കിലും ആ മുറിക്ക് അത് ചേരുന്നതാണെന്ന് അയാൾക്കു തോന്നി. ഇറച്ചി വെട്ടിക്കൊണ്ടിരുന്ന ഒരാൾ വെട്ടുനിർത്തി അവരെ തുറിച്ചുനോക്കി. കൂടെവന്ന തമിഴനെ വിളിച്ചു നിർത്തി എന്തോ ചോദിച്ചു. പിന്നീടവൻ തന്റെ ജോലിയിൽ വീണ്ടും മുഴുകി. അവർ ആ മുറി കടന്ന് മറ്റൊരു ഇടനാഴിയിലേക്ക് പ്രവേശിച്ചു. ഗന്ധം കുറഞ്ഞിരിക്കുന്നു. നടക്കും തോറും അന്തരീക്ഷത്തിന് മാറ്റം വന്നിരിക്കുന്നു. അവനൊരു മുറിയുടെ വാതിൽ പതിയെ തുറന്നു.
അത്യാധുനികമായ ശീതീകരിച്ച ഒരു മുറി. പ്രസിദ്ധ ഗസൽ ഗായകൻ അശോക് പെരേരയുടെ ശബ്ദം ആ മുറിയിൽ നേർത്തുകേൾക്കാം.
തമിഴൻ അയാളെ മുറിയിലാക്കി തിരിച്ചുപോയി.
”വിഷ്ണു ഇരിക്കൂ….” ഘനഗംഭീരമായ ശബ്ദം കേട്ട് അവൻ തിരിഞ്ഞു.
കൊതിപ്പിക്കുന്ന പെർഫ്യൂമിന്റെ ഗന്ധം അവന്റെ മൂക്കിൽ അടിച്ചുകയറി.
അവൻ അമ്പരപ്പോടെ ഗന്ധവാഹകനെ നോക്കി.
സുമുഖൻ, പ്രൗഢഗംഭീരൻ, പവൻ നിറം, വെളുത്ത വസ്ത്രങ്ങൾ, 45 വയസ്സ് പ്രായം…
ഈയാളാണോ? അങ്ങനെ വരുമോ? അവന് സംശയമായി.
”നീ സംശയിക്കേണ്ട ഞാൻ തന്നെ.”
അവൻ ചിരിച്ചു!…
”എന്താണ് നിന്റെ അസ്സെയ്ൻമെന്റ് എന്ന് അറിയാമോ?”
”ഇല്ല.”
”ഓക്കെ. ഈ ഗസൽ ആരുടേതാണെന്ന് അറിയാമോ?”
”അശോക് പെരേര…”
”ഗുഡ്… നിന്നെ സെലക്ട് ചെയ്തതും ഈ സംഗീതാഭിരുചികൊണ്ടു തന്നെയാണ്….”
അഞ്ചുവർഷം സംഗീതകോളേജിൽ പഠിച്ചതിന്റെ ഗുണം ഇപ്പോൾ കിട്ടിയതിൽ അവനാദ്യമായി ഉള്ളിൽ സന്തോഷിച്ചു. അയാൾ മേശവലിപ്പ് തുറന്ന് ഒരു റിവാൾവറും ഒരു പാസും എടുത്തു.
”ഇത് നിനക്കുള്ളതാണ്!”
അവനാ റിവാൾവർ എടുത്തു. ജർമ്മൻ നിർമ്മിതമാണ്. വെയിറ്റ് കുറവാണ്.
”ഇന്ന് വൈകുന്നേരം ടൗൺഹാളിൽ അശോക് പെരേരയുടെ ഗസൽ സന്ധ്യയുണ്ട്. സംഗതി കഴിഞ്ഞാൽ പുറത്തു നമ്മുടെ വാഹനമുണ്ടാവും. അതിൽ കയറി നിനക്ക് രക്ഷപ്പെടാനാവും. വിഷ്ണുവിന് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ?”
”ഉവ്വ്. പക്ഷേ, ആരെ….?”
”ആരെ എന്നല്ലേ….”
അയാൾ വീണ്ടും മേശവലിപ്പിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് അവന്റെ കൈയിൽ കൊടുത്തു.
അത് അശോക് പെരേരയുടെ ചിത്രമായിരുന്നു.!
”ഇത് നമ്മൾ ബോംബേ പാർട്ടിയുമായി ഉറപ്പിച്ച ഡീലാണ്. കേരളത്തിൽവച്ചാകുമ്പം റിസ്‌ക്ക് കുറയുമെന്ന് അവർക്കറിയാം…. നിന്റെ അഡ്വാൻസ് 50000 രൂപ ഇപ്പോൾ നിന്റെ എ. റ്റി.എം. ൽ കാണും. ബാക്കി സംഗതി നടന്നശേഷം.
അവൻ തിരികെ നടന്നു കാറിലേക്ക്….
ജംങ്ഷനിൽ ഇറക്കിയശേഷം കാർ തിരികെപ്പോയി.
അവനൊരു ബാർബർഷോപ്പിൽ കയറി ഷേവുചെയ്തു. പിന്നീട് ഒരു റെഡിമയ്ഡ് ഷോപ്പിൽ കയറി പുതിയ വസ്ത്രങ്ങൾ വാങ്ങി. കറുത്ത ഫ്രെയിമുള്ള കണ്ണടയും ഒരു ചന്ദനക്കുറിയുമായപ്പോൾ ആകെമാറ്റമായി…
അവൻ വാച്ചിൽ നോക്കി. പ്രോഗ്രാം തുടങ്ങാൻ ഇനിയും ഒരുമണിക്കൂർ ബാക്കിയുണ്ട്. തെരുവിലൂടെ വാഹനങ്ങൾ ഇടതടവില്ലാതെ പാഞ്ഞുകൊണ്ടിരുന്നു. ഫുട്പാത്തിലൂടെ നടക്കുന്നതിനിടയിൽ അവൻ എതിർവശത്തുള്ള കടയിലെ ഗ്ലാസിലേക്ക് നോക്കി. നടന്നു നീങ്ങുന്ന സുമുഖനായ ചെറുപ്പക്കാരനെ അവനാ ഗ്ലാസിൽ കണ്ടു.
അത് യുവഗായകനായ വിഷ്ണുശർമ്മയാണോ….
അല്ല…കൊലയാളിയായ വിഷ്ണുവാണ്…
ഗായത്രിമന്ത്രം ഉരുവിട്ട് പഠിച്ച ആ പാവം ചെക്കൻ ഇന്നെവിടെ?
അവനൊരുനിമിഷം നിന്നു. ഗ്ലാസിൽ പ്രതിഫലിച്ച തന്റെ രൂപത്തെ അവൻ നിർവികാരതയോടെ നോക്കി….
രക്ഷപ്പെടാനാവാത്ത വലയങ്ങളാൽ ബന്ധിതനായ അവനിലെ മനുഷ്യന് പുറത്തു വരാനെ കഴിഞ്ഞില്ല.
സന്ധ്യ മയങ്ങിത്തുടങ്ങി.
നിയോൺ വിളക്കുകളാൽ പ്രഭാപൂരിതമായ ടൗൺഹാൾ…. ധാരാളം കാറുകൾ പാർക്കുചെയ്തിട്ടുണ്ട്.
കാര്യമായ പോലീസ് സന്നാഹങ്ങൾ ഒന്നുമില്ല.
അവൻ പാസു കാണിച്ച് ഉള്ളിൽ കടന്ന് മുൻനിരയിൽ ഇരുന്നു.
വൈകാതെ അശോക്‌പെരേര വന്നു….
സദസ്സ് ഒന്നടങ്കം കരഘോഷം മുഴക്കി അദ്ദേഹത്തെ സ്വീകരിച്ചു.
ഗസൽ ആരംഭിച്ചു….
സദസ്സിനൊപ്പം അവനും ആ ഗസൽ മായികതയിലേക്ക് മുങ്ങിത്താണു….എല്ലാം മറക്കുന്ന സംഗീതം….ഉദാത്തമായ ഒരു ലോകത്തേക്ക് കൊണ്ടുപോവുകയാണ് അശോക് പെരേര. ഇയാളെയാണോ ഞാൻ കൊല്ലേണ്ടത്? ഇയാളാണോ മരിക്കേണ്ടത്?
അവൻ സ്വപ്നലോകത്തുനിന്നും ഉണർന്നു.
പ്രവർത്തിക്കണം. അല്ലാതെ പറ്റില്ല. ഒരു നിമിഷത്തിനുവേണ്ടി അവൻ ജാഗരൂകനായി…
അപ്പോഴാണ് ഹാളിലെ ലൈറ്റ് മുഴുവൻ അണഞ്ഞത്? അടുത്ത നിമിഷം തുടരെ വെടിയൊച്ചകൾ മുഴങ്ങി. ആളുകൾ ചിതറിത്തെറിച്ചു. അവനും….പുറത്ത് കാത്തിരുന്ന സ്‌കോർപിയോ.ആർക്കും സംശയം കൊടുക്കാതെ മുമ്പോട്ടു നീങ്ങി.
”മുടിഞ്ചാച്ചാ” തമിഴനാണ്.
ഉം! അവൻ മൂളി.
ആ വാഹനത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്നവൻ ശ്രദ്ധിച്ചില്ല. അവൻ മറ്റൊരു ലോകത്തായിരുന്നു.
”ഇറങ്ങ് സാർ.” തമിഴന്റെ ശബ്ദത്തിൽ ആദരവ്. ഇത്തവണ അവനാണ് മുൻപിൽ നടന്നത്.
ഇറച്ചിവെട്ടുന്നിടം ആളൊഴിഞ്ഞു കിടന്നു.
മൃഗങ്ങളുടെ തലമാത്രം അവനെ നോക്കിക്കൊണ്ടിരുന്നു. ആ മുറി കഴിഞ്ഞതും അശോക് പെരേരയുടെ ശബ്ദം കേട്ടുതുടങ്ങി. ഇപ്പോഴത് ഉച്ചത്തിലാണ്. തമിഴൻ തിരിച്ചുപോയി. അവൻ മുറിയിൽ പ്രവേശിച്ചു. അവിടെ അയാൾ ഉണ്ടായിരുന്നു.
അയാൾ ആടിയാടി അവന്റെ അടുത്തുവന്നു. ”വെൽഡൺ ബോയ് നീയത് സാധിച്ചുവല്ലോ…?”
അവനൊന്നും പറഞ്ഞില്ല. അയാൾ നീട്ടിയ മദ്യം അവൻ ഒറ്റവലിക്ക് അകത്താക്കി…
”അശോക് പെരേര ഒരു മാന്ത്രികനാണ്. ഞാനടക്കം എല്ലാവരെയും അയാൾ ഒരു മായാലോകത്തേക്ക് കൊണ്ടുപോയി….”
”എന്നിട്ട്….?”
”എനിക്ക് താളം തെറ്റുമെന്ന് തോന്നിപ്പോയി. പക്ഷേ അപ്പോഴേക്കും ഞാൻ നോർമലായി കഴിഞ്ഞിരുന്നു. ”
”ഗുഡ്….!”
അടുത്ത നിമിഷം ലൈറ്റെല്ലാം അണഞ്ഞു. ഞാൻ തോക്കുമായി മുൻപോട്ട് കുതിച്ചു.
മൂന്നുവെടി ഉതിർത്തു. ”മൂന്ന് വെടി.”
ഇനി മൂന്ന് തിരകൾ കൂടി ഉണ്ട്….
”അവന്റെ നെഞ്ച് പിളർന്ന് കാണും.”
അയാൾക്ക് ഉറപ്പായിരുന്നു.
”ഇല്ല. ഞാൻ ഹാളിന്റെ മച്ചിലേക്കാണ് വെടിവച്ചത്. മൂന്ന് പ്രാവശ്യവും….” അവന്റെ ശബ്ദം ഉയർന്നു. നേതാവ് വിശ്വാസം വരാത്തപോലെ അവനെനോക്കി!
”നീയപ്പോൾ കൊന്നില്ലേ…?”
”കൊന്നില്ല….പക്ഷേ കൊല്ലും….കണ്ടോ മൂന്നു തിരകൾ ബാക്കിയുണ്ട്….”
അയാൾ അലറിക്കൊണ്ട് അവന്റെ നേരെ പാഞ്ഞുചെന്നു. പക്ഷേ അത് ദുർബലവും ബാലിശവുമായിരുന്നു. വെളുത്ത അയാളുടെ കുർത്തയിൽ ചുവപ്പ് നിറം പടർന്നു വന്നു. അയാൾ നിലത്തേക്ക് വേച്ചുവീണു.
അവൻ അയാളുടെ കസേരയിൽ ഇരുന്നു. മദ്യക്കുപ്പി തുറന്ന് ഒരു ലാർജ് ഒഴിച്ചു. ഐസ്‌ക്യൂബിട്ടശേഷം മ്യൂസിക് സിസ്റ്റത്തിന്റെ വോളിയം കുറച്ചു. അശോക് പെരേര മൃദുശബ്ദത്തിൽ പാടാൻ തുടങ്ങി…ഗസൽ സന്ധ്യയുടെ തുടർച്ചയായി…അവൻ കസേരയിൽ ഇരുന്ന് മെല്ലെ മദ്യം സിപ് ചെയ്യുവാൻ തുടങ്ങി. അവൻ വീണ്ടും മായാലോകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. നേതാവിന്റെ ശരീരത്തുനിന്നും ഒഴുകിയ രക്തം പ്രധാന മുറിയിൽ നിന്ന് ഇറച്ചിവെട്ടുന്ന മുറിയിലേക്ക് അരിച്ചിറങ്ങി. അത് കുഴികളിൽ തളം കെട്ടിക്കിടക്കുന്ന പോത്തിന്റെയും കാളയുടെയും രക്തവുമായി കൂടുക്കലർന്നു. ഈ രംഗം കാളത്തലകൾ സന്തോഷത്തോടെ കാണുന്നുണ്ടായിരുന്നു.