തന്റെ അറിവില്ലാതെ ചെന്നൈയിലെ എ.ആർ.എസ് ഗാർഡൻ രാധ വിൽക്കാൻ ശ്രമിച്ചുവെന്നും സ്വർണം തട്ടിയെടുത്തെത്തെന്നുമാണ് അംബിക വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി.ചെക്ക് കേസിൽ രാധയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുമ്പോഴാണ് അവർ പരാതിയുമായി എത്തിയതെന്ന് അംബിക പറഞ്ഞു. രാധയുടെ ഭർത്താവാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ. കോടികൾ വിലമതിക്കുന്ന ചെന്നൈയിലെ എ.ആർ.എസ് ഗാർഡൻസ് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും, തനിക്ക് കൂടി അവകാശപ്പെട്ട ഭൂമിയാണെന്നും അംബിക കൂട്ടിച്ചേർത്തു. എ.ആർ.എസ് എന്ന പേരുമാറ്റി പുതിയ പേരിട്ട് തന്നെ വളരെ വിഷമിപ്പിച്ചതായും, വീടും ഓഡിറ്റോറിയവും എല്ലാം ഹോട്ടൽ ആക്കാനാണ് രാധയും കുടുംബവും ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. ചെക്ക് ബൗൺസ് ആയ താനാണ് പരാതി നൽകേണ്ടതെന്നും, അതിനു പകരം ചെക്ക് നൽകിയ രാധയാണോ പരാതിപ്പെടേണ്ടതെന്നും അംബിക ചോദിച്ചു. മുൻകൂട്ടി പ്ലാൻ ചെയ്താണ് രാധ തനിക്ക് ചെക്ക് തന്നതെന്നും, ഒരു സഹോദരി ഇങ്ങനെ ചെയ്യാമോ എന്നും വിതുമ്പിക്കൊണ്ട് അംബിക വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രാധയുടെ പരാതിയുടെ വിശദാംശങ്ങൾ:
സഹോദരിയായ നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 5 ചെക്കുകൾ കൈക്കലാക്കി അക്കൗണ്ടിൽ നിന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് നടി രാധ ചെന്നൈ പോലീസ് കമ്മീഷണർക്ക് നേരിട്ടെത്തി പരാതി നൽകിയത്. വൽസരവാക്കത്തെ വീട്ടിൽ ഓഫീസ് ആവശ്യങ്ങൾക്കായി ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്കുകളാണെന്നും, കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 46 കോടി രൂപ നഷ്ടമായ വിവരം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.

