എഡിജിപി എം ആർ അജിത്ത് കുമാർ ആർഎസ്‌എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണെന്ന് പിവി അൻവർ എംഎല്‍എ.
എഡിജിപിയും ആർഎസ്‌എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേല്‍ ചാർത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എഡിജിപിക്ക് ആർഎസ്‌എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. ഇവർ ഇത്തരത്തില്‍ പല പ്രശ്നങ്ങളും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ഉണ്ടാക്കുന്നുണ്ട്. പുനർജനി കേസില്‍ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്. പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കില്‍ പുനർജനി കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെടട്ടെയെന്നും പിവി അൻവർ വെല്ലുവിളിച്ചു.
22ാം തീയ്യതി പ്രതിപക്ഷ നേതാവ് ഈ ആരോപണം ഉന്നയിച്ചത് തൻ്റെ ഫോണ്‍ എഡിജിപി ചോർത്തിയതിന് പിന്നാലെയാണ്. എഡിജിപി ആവശ്യപ്പെട്ടിട്ടാണ് മാധ്യമപ്രവർത്തകരെ പ്രതിപക്ഷ നേതാവ് അടിയന്തിരമായി വിളിച്ചുവരുത്തിയത്. മൊഴിയെടുപ്പില്‍ പി ശശിയും എഡിജിപിയുമായി ബന്ധത്തെ കുറിച്ച് ചോദിച്ചാല്‍ അതും പറയും. എഡിജിപിക്കെതിരെ തൻ്റെ കൈയ്യിലുള്ള എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് നല്‍കുമെന്നും അൻവർ വ്യക്തമാക്കി.
പൊലീസിനെതിരെ പരാതി അറിയിക്കാൻ താൻ കൊണ്ടുവന്ന പുതിയ വാട്സ് ആപ് നമ്പറില്‍ തെളിവുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു.