കൊച്ചിക്ക് സമാനമായി അടൂര്‍ അന്തിച്ചിറയിലും നായവളര്‍ത്തല്‍ കേന്ദ്രം. വാടക വീട്ടില്‍ 140 നായകളെയാണ് അനധികൃതമായി വളര്‍ത്തുന്നത്. നായകളെ കുത്തിനിറച്ച് വളര്‍ത്തുന്ന ഈ കേന്ദ്രത്തില്‍ നിന്നുള്ള ദുര്‍ഗന്ധവും രാത്രികാലത്ത് പട്ടികളുടെ കുരയും കൊണ്ട് പൊറുതിമുട്ടിയെന്ന് അയല്‍ക്കാര്‍ പറഞ്ഞു. വീടൊഴിയണമെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും തങ്ങളെ ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നായകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി തങ്ങളും ജീവനൊടുക്കുമെന്ന് വീട്ടുകാര്‍ ഭീഷണിപ്പെടുത്തി. കോഴഞ്ചേരി സ്വദേശിയായ സന്ധ്യയും മകനുമാണ് വാടകവീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നായകളെ കുത്തിനിറച്ച് വളര്‍ത്തുന്നത്.തങ്ങള്‍ കച്ചവട ആവശ്യത്തിനല്ല നായകളെ വളര്‍ത്തുന്നതെന്നും തെരുവുനായകളെ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും വീട്ടുകാര്‍ പറയുന്നു. ഇവര്‍ നാടന്‍ നായകളേയും വിദേശ ഇനങ്ങളേയും സങ്കരയിനം നായകളേയും വളര്‍ത്തുന്നുണ്ട്. ചിലര്‍ വണ്ടികളിലെത്തി പട്ടികളെ കൊണ്ടുപോകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. നായകളെ സംരക്ഷിക്കുന്ന കേന്ദ്രം നടത്താന്‍ ലൈസന്‍സുണ്ടോ എന്ന ചോദ്യത്തിന് നായകള്‍ക്കെല്ലാം വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നാണ് വീട്ടുകാരുടെ ന്യായം. വീടുമാറാന്‍ നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ട ഘട്ടത്തില്‍ സന്ധ്യ ആരെന്ന് നിങ്ങള്‍ക്കറിയില്ല എന്ന ഭീഷണിയായിരുന്നു വീട്ടുകാരിയുടെ മറുപടി.മുന്‍പ് പഞ്ചായത്ത് അധികൃതര്‍ ഇവരോട് വീട് മാറാന്‍ ആവശ്യപ്പെട്ട ഘട്ടത്തില്‍ മാര്‍ച്ച് ഒന്നിന് ഒഴിയാമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. ഈ തിയതി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇവര്‍ പട്ടികളെ മാറ്റാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് നാട്ടുകാര്‍ ഈ വീട്ടില്‍ വീണ്ടുമെത്തി പ്രശ്‌നമുണ്ടാക്കിയത്. നായകള്‍ക്ക് കൃത്യമായി ഇവര്‍ മരുന്നോ ഭക്ഷണമോ കൊടുക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ തങ്ങള്‍ കഴിച്ചില്ലെങ്കിലും നായകള്‍ക്ക് കൃത്യമായി ഭക്ഷണം കൊടുക്കാറുണ്ടെന്ന് വീട്ടുകാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.