മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ പാതകളിലും ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത്ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് നിർദേശം.മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിൽ അമിത് ഷാ പറഞ്ഞു. മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ റോഡുകളിലും ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് നിർദേശിച്ച അമിത് ഷാ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി. മണിപ്പൂരിന്റെ ഇന്റർനാഷണൽ ബോർഡറികളുടെ എൻട്രി പോയ്ന്റുകളിൽ ഫെൻസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനെ ലഹരിമുക്തമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ശൃംഖലകളും പൊളിച്ചെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡൽഹിയിൽ ചേർന്ന യോഗത്തിൽ മണിപ്പൂർ ഗവർണർ അജയകുമാർ ഭല്ല, സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗും പങ്കെടുത്തു.മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനുശേഷം ചേരുന്ന ആദ്യ സുരക്ഷാ അവലോകന യോഗമാണിത്.സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികൾ യോഗത്തിൽ ഗവർണർ അറിയിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള തുടർനടപടികളും യോഗത്തിൽ ചർച്ചയായി.