വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള വിശേഷ ദിന പൊതു അവധി റദ്ദാക്കണം; ബാലാവകാശ കമ്മിഷൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിശേഷ ദിനങ്ങളിൽ പൊതു അവധി കൊടുക്കുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സ്വാതന്ത്ര്യ ദിനം , ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങി പൊതു അവധി ദിനങ്ങൾ റദ്ദാക്കാനും അറിവും വിജ്ഞാനവും സാമ്പാദിക്കുന്നതിനുള്ള ദിനങ്ങളാക്കി മാറ്റാനുമാണ് കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ അംഗങ്ങളായ കെ.കെ.ഷാജു ഡോ.എഫ്. വിൽസൺ എന്നിവരുടെ ഫുൾ ബഞ്ച് ഉത്തരവ്. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെയും കുറിച്ച് പഠിപ്പിക്കണം. ഭരണഘടനാ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. ഗാന്ധിജയന്തി ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടർക്കും വനിതാ ശിശുവികസന സെക്രട്ടറിക്കും കമ്മിഷൻ നിർദ്ദേശം നൽകി.

ഓണം, ക്രിസ്തുമസ്, പെരുന്നാൾ തുടങ്ങിയ ദിനങ്ങളിൾ മനുഷ്യർ തമ്മിലുള്ള സഹകരണം, പരസ്പര ബഹുമാനം, ഐക്യം, അഖണ്ഡത, സമത്വം തുടങ്ങിയ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നതന് പദ്ധതികളും പരിപാടികളും നടപ്പാക്കണം. എല്ലാവർക്കും തുല്യനീതിയും പരിഗണനയും സംരക്ഷണവും ലഭിക്കുന്ന നവലോകം സൃഷ്ടിക്കാൻ ഉതകുന്ന ഓണ സന്ദേശം കുട്ടികൾക്ക് നൽകുന്നതിന് സ്കൂളുകൾക്ക് നിർദ്ദേശം നൽകണം. ദിനാചരണങ്ങൾ, കലാകായിക മത്സരങ്ങൾ തുടങ്ങിയവയിൽ കുട്ടികളുടെ നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കണം. ശ്രീനാരായണഗുരുജയന്തിയിലും സമാധി ദിനത്തിലും ഗുരുവിന്റെയും നവോത്ഥാന നയകരുടെയും സന്ദേശങ്ങൾ ഉൾക്കെള്ളിച്ചുകൊണ്ട് ബോധവൽക്കരണ ക്ലാസുകളും കുട്ടികളുടെ നേതൃത്വത്തിൽ സംവാദ സദസ്സുകളും സംഘടിപ്പിക്കണം. പഞ്ചമി എന്ന കുട്ടിക്ക് വിദ്യാഭ്യാസം ലഭ്യമാക്കിയത് ഓർമിച്ചുകൊണ്ട് അയ്യങ്കാളിയുടെ ജന്മദിനത്തിൽ വിദ്യാഭ്യാസ അവകാശ ദിനമായി ആചരിക്കുകയും സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും വേണം.

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്പെഷ്യൽ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന വിവിധ ആഘോഷ ദിനാചരണ പരിപാടികളിൽ എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്ന തരത്തിൽ ഐക്യസ്വഭാവം കാണുന്നില്ല. സ്കൂൾതലത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് കുട്ടികൾക്ക് വേണ്ടിയാണ്. ഇത്തരം പരിപാടികളിൽ സംഘാടകരാകാനുള്ള അവസരങ്ങൾ അവർക്ക് ലഭിക്കുന്നില്ല. എല്ലാവിധ ദിനാചരണങ്ങളും സ്കൂൾതലത്തിൽ സംഘടിപ്പിക്കുന്നതിനും അവയിൽ എല്ലാ വിദ്യാർത്ഥികളുടെയും സാന്നിധ്യവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും ബാലാവകാശ കമ്മിഷൻ ഇടപെടണം എന്ന അധ്യാപകനും സോഷ്യൽ വർക്കറുമായ എൽ.സുഗതന്റെ പരാതിയിന്മേലാണ് ഉത്തരവ്.

ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് റോഡ് സുരക്ഷ, സൈബർ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം, പോക്സോ നിയമം തുടങ്ങിയവയെക്കുറിച്ചുള്ള ബോധവൽക്കരണം സ്കൂൾതലത്തിൽ നടത്തുന്നതിന് നടപടികൾ സ്വീകരിക്കണം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചേൽപ്പിക്കുന്നതിന് പകരം കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ ആവശ്യമായ പദ്ധതികൾ രൂപീകരിക്കണം. ഭാരതത്തിന്റെ ഭരണഘടന(ദ്വിഭാഷാ പതിപ്പ്) പുസ്തകം കേരളത്തിലെ മുഴുവൻ സ്കൂൾ ലൈബ്രറികളിലും വാങ്ങി സൂക്ഷിക്കുകയും അവ കുട്ടികൾക്ക് വായനയ്ക്കും റഫറൻസിനും ലഭ്യമാക്കുന്നതും ഗുണകരമാകും. വായനാദിനം, പരിസ്ഥിതിദിനം തുടങ്ങിയ ദിനാചരണങ്ങൾ ഒരു ദിവസത്തെ പ്രവർത്തനത്തിൽ ഒതുക്കിനിർത്താതെ വിദ്യാർത്ഥികളുടെ ജീവിതത്തിലുടനീളം തുടരുന്ന സംസ്ക്കാരമായി വളർത്തിയെടുക്കാനുള്ള കർമപദ്ധതി രൂപീകരിക്കാനും ബാലാവകാശ കമ്മിഷൻ ഉത്തരവിൽ നിർദ്ദേശിച്ചു. ശുപാർശകളിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 60 ദിവസത്തിനകം കമ്മിഷനിൽ സമർപ്പിക്കണം. 2005-ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മിഷനുകൾ ആക്ടിലെ വകുപ്പ്15 പ്രകാരമാണ് സർക്കാരിന് ശുപാർശകൾ നൽകിയത്.

Leave a Reply

spot_img

Related articles

കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് കാറിൽ നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ഒരു ഗ്രാം മാരക ലഹരിമരുന്നായ മെഥാംഫെറ്റാമിൻ...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല; ചതയത്തിനും അവധി

തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റ് മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല.പൊതു അവധി ആയതിനാൽ ബെവ്കോ ജീവനക്കാർക്കും അവധിയായിരിക്കും.ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും...

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...