വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. കായംകുളം മണ്ണാശ്ശേരിൽ വീട്ടിൽ നസീം (21) ആണ് പോലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടത്.ബുധനാഴ്ച പുലർച്ചെ 3.15 ഓടെ കായംകുളം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ മതിയായ യാത്രാടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ കണ്ടതിനെ തുടർന്ന് റെയിൽവേ പോലീസ് നസീമിനെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.പരിശോധനയിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോട്ടോർ സൈക്കിൾ മോഷണക്കേസിലെ പ്രതിയാണ് ഇയാളെന്ന് വ്യക്തമായി.തുടർന്ന് നസീമിനെ കായംകുളം റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിക്കുകയും പിന്നീട് കായംകുളം പോലീസിന് കൈമാറുകയുമായിരുന്നു.തുടർന്ന് കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി.പരിശോധനയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി ആശുപത്രിയുടെ തെക്കുഭാഗത്തേക്ക് ഇയാൾ ഓടി രക്ഷപ്പെട്ടത്.പോലീസ് ഉദ്യോഗസ്ഥർ പിന്തുടർന്നെങ്കിലും യുവാവിനെ പിടികൂടാനായിട്ടില്ല.ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

