അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസർക്കെതിരായ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ നീക്കം. ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രാഥമിക റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് സമർപ്പിക്കും. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായ സാമ്പത്തിക ക്രമക്കേടിലെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ സർക്കാർ നീക്കം നടത്തുണ്ട്.സ്പോൺസറുടെ ഓഫീസിലും സ്ഥാപനത്തിലും നടത്തിയ റെയ്ഡുകളിൽ ശേഖരിച്ച തെളിവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്.ഡിജിപി പരിശോധിച്ച ശേഷം ഈ റിപ്പോർട്ടും ശുപാർശകളും ആഭ്യന്തര വകുപ്പിന് കൈമാറും.
കൂടാതെ, സ്പോൺസർമാരായ കമ്പനി നടത്തിയ ധനസമാഹരണത്തിൽ കള്ളപ്പണ ഇടപാടുണ്ടെന്ന് സംശയിക്കുന്നതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. പദ്ധതിക്കായി ടെൻഡറില്ലാതെ സ്പോൺസറെ കണ്ടെത്തിയതിൽ മുൻ കായികമന്ത്രി അബ്ദുറഹിമാനെതിരെ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും, മുൻന്ത്രിക്കും കായികവകുപ്പിലെ മുൻ ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് എസ്‌ഐടി സർക്കാർ അനുമതി തേടുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ക്രമക്കേടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലിയുടെ മൊഴിയും എസ്‌ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. സ്പോൺസറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഒപ്പുവെച്ച കരാറിൽ സാക്ഷിയായി സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന ഷറഫലി ഒപ്പുവെച്ചത് വിവാദമായിരുന്നു.

