തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറുമെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.ജബല്‍പൂരില്‍ മലയാളി വൈദികര്‍ക്കുനേരെ സംഘ പരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കു നേരെ സംഘ പരിവാര്‍ ഉത്തരേന്ത്യയില്‍ സംഘടിതമായ ആക്രമണമാണ് അഴിച്ചു വിടുന്നത്. പൊലീസിന്റെ മുന്നിലിട്ടാണ് ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ വിളിച്ച സംഘം ക്രൂരമായ ആക്രമണം അഴിച്ചു വിടുന്നത്. എന്നിട്ട് പൊലീസ് ഒന്നും ചെയ്യുന്നില്ല. ജബല്‍പൂരില്‍ നിന്നു പള്ളികളിലേക്കു ബസില്‍ പോരുകയായിരുന്ന ക്രൈസ്തവ സഹോദരങ്ങളെ വിശ്വ ഹിന്ദു പരിഷത് സംഘടനക്കാര്‍ തടഞ്ഞ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ വിവരമറിഞ്ഞ് അവരെ സഹായിക്കാനെത്തിയ സീനിയര്‍ മലയാളി വൈദികരായ ഫാദര്‍ ഡോവിസ് ജോര്‍ജിനെയും ഫാദര്‍ ജോര്‍ജിനെയുമാണ് സംഘപരിവാറുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.ബി ജെ പിയുടെ കപടമുഖമാണ് ഇതിലൂടെ വെളിവാകുന്നത്. തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ഇവരെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം. ന്യൂനപക്ഷങ്ങള്‍ രണ്ടാം തരം പൗരന്മാരല്ല. അവര്‍ക്കും ജീവിക്കാനും ആരാധിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.