ഭക്തലക്ഷങ്ങൾക്ക് ആത്മസായൂജ്യമായി പൊന്നമ്പലമേട്ടിൽ ഇന്ന് മകരവിളക്ക് തെളിയും.പന്തളം കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയായി എത്തിക്കുന്ന തിരുവാഭരണം അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടക്കുന്ന സമയത്താകും കണ്ണിന് കുളിരും, മനസ്സിന് സംതൃപ്തിയും നിറച്ച് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക. മാനത്ത് മകരജ്യോതി നക്ഷത്രവും ഉദിക്കുന്നതോടെ ശരണ മന്ത്രങ്ങൾ കാനനത്തിൽ അലിഞ്ഞ് ചേരും.
അയ്യനേയും, മകരവിളക്കും ദർശിക്കാൻ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തമ്പടിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ഭക്തജനപ്രവാഹം ഇപ്പോഴും തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയേ പമ്പയിൽ നിന്നും ഭക്തരെ മല കയറാൻ അനുവദിക്കൂ. ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 5000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.വ്യൂ പോയിൻ്റുകളിൽ നിന്നു മാത്രമേ മകരവിളക്ക് ദർശിക്കാൻ അനുവദിക്കൂ. കെട്ടിടങ്ങളുടെ മുകളിലും, മരത്തിലും മറ്റും കയറി മകരവിളക്ക് ദർശിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല.ദർശനത്തിന് ശേഷം നിശ്ചയിക്കപ്പെട്ട ഇടങ്ങളിലൂടെ സ്വയം നിയന്ത്രിച്ച് മലയിറങ്ങണമെന്ന് ദേവസ്വം ബോർഡും പോലീസും നിർദ്ദേശിച്ചിട്ടുണ്ട്. മലയിറങ്ങി വരുന്ന ഭക്തർക്ക് യാത്രാ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാൻ കെ എസ് ആർ ടി സി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.