രാജ്യത്ത് 1961 മുതൽ പ്രാബല്യത്തിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുകയാണ് കേന്ദ്രസർക്കാർ. ഉള്ളടക്കത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെങ്കിലും ഘടനാപരമായും ഭാഷാപരമായും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നാളെ ധനമന്ത്രി നിർമല സീതാരാമനാണ് പാർലമെൻ്റിൽ പുതിയ ആദായ നികുതി ബിൽ അവതരിപ്പിക്കുന്നത്. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മധ്യവർഗത്തെയും ബാധിക്കുന്ന ബില്ലിലെ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ഇവയാണ്.നികുതി വർഷം: പുതിയ ആദായനികുതി ബില്ലിൽ നികുതി വർഷം എന്ന ആശയം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ അസസ്‌മെന്റ് വർഷവും മുൻ വർഷവും കാരണം നികുതിദായകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്. നികുതി ഇടാക്കുമ്പോഴും നികുതി റിട്ടേൺ സമർപ്പിക്കുമ്പോഴും നികുതിദായകരെ അസസ്‌മെന്റ് വർഷവും സാമ്പത്തിക വർഷവും (മുൻ വർഷം) ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ഇത് നികുതി വർഷമെന്ന ആശയത്തിലൂടെ പരിഹരിക്കപ്പെടും.