പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള എല്ലാ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾ ഇന്ത്യൻ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു. ഉത്തരവ് നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർക്കുലർ പുറപ്പെടുവിച്ചു.സർക്കുലറിൽ പറയുന്നതനുസരിച്ച്, കോളജുകളിലെ സ്പോർട്സ്, മറ്റ് സെലിബ്രേഷനുകൾ തുടങ്ങിയ ദിവസങ്ങളിൽ ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുപിടിച്ച് വിദ്യാർഥികളും അധ്യാപകരും നൃത്തം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യ പകർന്ന് കൊടുക്കുന്ന സ്ഥലമാണെന്നും ഇത്തരം പ്രവർത്തികൾ കോളജുകളെ കളങ്കപ്പെടുത്തുമെന്നും ഇവ ആവർത്തിക്കാൻ ശ്രമിക്കരുത്. കൂടാതെ കോളജുകളിലെ അശ്ലീല വസ്ത്രധാരണവും നിരോധിക്കും. നിർദ്ദേശം ലംഘിക്കുന്നതായി കണ്ടെത്തിയാൽ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രിൻസിപ്പൽ, ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഡയറക്ടർ (കോളജുകൾ) എന്നിവരെ ഉത്തരവാദികളാക്കുകയും അവർക്കെതിരെ കർശനമായ അച്ചടക്ക നടപടി നിർദ്ദേശിക്കുകയും ചെയ്യുമെന്നും സർക്കുലറിൽ പറയുന്നു.വിദ്യാർഥികളുടെ വിദ്യാഭ്യാസവും ധാർമ്മികതയും ഉറപ്പാക്കേണ്ടത് കോളജ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർക്കുലറിൽ പറഞ്ഞു. അതേസമയം, “ഏറ്റവും അടിയന്തിരവും പ്രധാനപ്പെട്ടതും” എന്ന് അടയാളപ്പെടുത്തിയ ഒരു സർക്കുലർ എല്ലാ സ്ഥാപനങ്ങളിലേക്കും നൽകിയിട്ടുണ്ട്.