കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖ നേതാക്കൾക്ക് മുൻനിരയിൽ സ്ഥാനം നൽകിയപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കളെയും മുഖ്യമന്ത്രിമാരെയും പിന്നിലേക്ക് മാറ്റിയതാണ് വിമർശനത്തിന് ഇടയാക്കിയത്.ഡൽഹിയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും ഭാര്യ ഡിംപിൾ യാദവിനും സോണിയ ഗാന്ധിക്കൊപ്പം മുൻനിരയിൽ ഇരിപ്പിടം ഒരുക്കിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും സമീപമാണ് ഇരുന്നത്. എന്നാൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ രണ്ടാം നിരയിലായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് മുൻനിരയിൽ സ്ഥാനം ലഭിക്കാത്തതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പിന്നിലിരുത്തിയത് അവഗണനയാണെന്ന വിമർശനവും ഉയർന്നു. അതേസമയം പ്രിയങ്ക ഗാന്ധിയും രണ്ടാം നിരയിലാണ് ഇരുന്നതെന്ന് ചൂണ്ടിക്കാട്ടി ഇരിപ്പിട ക്രമീകരണത്തെ ന്യായീകരിക്കുന്നവരുമുണ്ട്.ബിജെപി നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗിന് മുൻനിരയിൽ ഇരിപ്പിടം നൽകിയതും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. അമരീന്ദർ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നെങ്കിലും ബിജെപി ഇത് തള്ളി. സോണിയ ഗാന്ധിയുമായുള്ള ദീർഘകാല വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിശദീകരണം.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസും സമാജ്വാദി പാർട്ടിയും സഖ്യചർച്ചകൾക്ക് ഒരുങ്ങുന്നതിനിടെയാണ് അഖിലേഷ് യാദവിന് നൽകിയ പ്രത്യേക പരിഗണന ശ്രദ്ധേയമാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും പങ്കെടുത്ത ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രകടനവേദിയായും മാറി.എന്നാൽ രാഷ്ട്രീയ സൗഹൃദത്തിന്റെയും സഖ്യബന്ധങ്ങളുടെയും സന്ദേശം നൽകാൻ സംഘടിപ്പിച്ച ചടങ്ങിൽ ഇരിപ്പിട ക്രമീകരണം തന്നെ വിവാദമായത് കോൺഗ്രസ് നേതൃത്വത്തിന് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

