ഇടുക്കിയില്‍ ഡ്രൈഡേയില്‍ അനധികൃത വിദേശമദ്യം വില്‍പ്പന നടത്തിയ സിപിഐഎമ്മിന്റെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍ കുര്യാക്കോസ്, രാജകുമാരി ബി ഡിവിഷന്‍ ബ്രാഞ്ച് സെക്രട്ടറി വിജയന്‍, വെള്ളത്തൂവല്‍ സ്വദേശി റെജിമാന്‍ എന്നിവരാണ് എക്‌സൈസ് പിടിയില്‍ ആയത്.അടിമാലി ഓടയ്ക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍ കുര്യാക്കോസിനെ 9 ലിറ്റര്‍ വിദേശ മദ്യവുമായാണ് എക്‌സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ യും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഡ്രൈ ഡേല്‍ മദ്യ വില്പന നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രവീണ്‍ പിടിയിലായത്. സംഭവത്തിന് പിന്നാലെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പ്രവീണിനെ പുറത്താക്കിയതായി പാര്‍ട്ടി വ്യക്തമാക്കി. രാജകുമാരി ബി ഡിവിഷന്‍ ബ്രാഞ്ച് സെക്രട്ടറി നരിയാനിക്കാട്ട് വിജയനും അനധികൃത മദ്യ വില്പന നടത്തിയതിന് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഇയാളുടെ പക്കല്‍ നിന്നും പതിനൊന്നര ലിറ്റര്‍ മദ്യം പിടികൂടി. വിജയനെതിരെയും അടിയന്തര നടപടി ഉണ്ടാകുമെന്നാണ് സിപിഐഎം നിലപാട്.13 ലിറ്റര്‍ വിദേശമദ്യവുമായാണ് അടിമാലി വെള്ളത്തൂവല്‍ സ്വദേശി റെജിമോന്‍ നാര്‍ക്കോട്ടിക് എന്‍ഫോര്‍മന്‍സ് സ്‌ക്വാഡിന്റെ പിടിയിലായത്. ഓട്ടോറിക്ഷയില്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. മദ്യ വില്പനയ്ക്ക് ഉപയോഗിച്ച റെജിമോന്റെ ഓട്ടോറിക്ഷയും എക്‌സൈസ് സംഘം പിടിച്ചെടുത്തു.