വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖി. അടിസ്ഥാനരഹിതമായ പ്രചാരണം വഴി ഇരു രാജ്യങ്ങൾക്ക് ഇടയിൽ ഭിന്നത സൃഷ്ട്ടിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. അഫ്ഗാൻ ജനതയുടെ വികസന ആവശ്യങ്ങൾക്കുള്ള പിന്തുണ ഇന്ത്യ വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.ദുബായിലും കാബൂളിലും ഉൾപ്പെടെ – ഇന്ത്യൻ നയതന്ത്രജ്ഞർ മുമ്പ് താലിബാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും – ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ തലത്തിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. 2021 ഓഗസ്റ്റിൽ കാബൂളിൽ അധികാരം പിടിച്ചെടുത്ത പുതിയ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ, വിദേശകാര്യ മന്ത്രി ജയശങ്കറും അഫ്ഗാൻ വിദേശകാര്യ മന്ത്രിയും തമ്മിലുള്ള ചർച്ചകൾക്ക് പ്രാധാന്യമുണ്ട്.