ഇംഗ്ലണ്ടിനെ പുറത്താക്കി അഫ്ഗാനിസ്ഥാന്‍; ജയം എട്ട് റണ്‍സിന്

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റണ്‍സിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 326 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 177 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317ന് എല്ലാവരും പുറത്തായി. 120 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്. അത്ര നല്ലതല്ലായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. 30 റണ്‍സിനിടെ അവര്‍ക്ക് ഫിലിപ് സാള്‍ട്ട് ജാമി സ്മിത്ത് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ബെന്‍ ഡക്കറ്റ് റൂട്ട് സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഡക്കറ്റിനെ പുറത്താക്കി റാഷിദ് ഖാനാണ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ഹാരി ബ്രൂക്ക് ജോസ് ബട്‌ലര്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ ജോ റൂട്ടും മടങ്ങി. ഇതോടെ ഏഴിന് 287 എന്ന നിലയിലായി ഇംഗ്ലണ്ട്. 111 പന്തുകള്‍ നേരിട്ട റൂട്ട് ഒരു സിക്‌സും 11 ഫോറും നേടി.റൂട്ട് പൂറത്തായ ശേഷം ജാമി ഓവര്‍ട്ടോണ്‍ ജോഫ്ര ആര്‍ച്ചര്‍ സഖ്യം അഫ്ഗാന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുവരും രണ്ട് ഓവറുകള്‍ക്കിടെ വീണു. ഇതോടെ ഒമ്പതിന് 313 എന്ന നിലയിലായി ഇംഗ്ലണ്ട്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. ഒമര്‍സായ് എറിഞ്ഞ ആദ്യ പന്തില്‍ ഒരു റണ്‍. രണ്ടാം പന്തിലും ഒരു റണ്‍. മൂന്നാം പന്തിലും ഇംഗ്ലണ്ട് ഒരു റണ്‍ ഓടിയെടുത്തു. നാലാം പന്തിലും സിംഗിള്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് 9 റണ്‍സ്. ആദില്‍ റഷീദ് പുറത്തേക്ക്. അഫ്ഗാന് എട്ട് റണ്‍സ് ജയം.നേരത്തെ, മോശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന്. 37 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസ് അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ബൗള്‍ഡായി. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയ സെദീഖുള്ള അദലിനും തിളങ്ങാനായില്ല. ആര്‍ച്ചറുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റഹ്മത് ഷായെ കൂടി പുറത്താക്കി ആര്‍ച്ചര്‍ അഫ്ഗാനെ മൂന്നിന് 37 എന്ന നിലയിലേക്ക് തള്ളിവിട്ടു. പിന്നീട് ഹഷ്മതുള്ള ഷഹീദി സദ്രാന്‍ സഖ്യം 103 റണ്‍സ് കൂട്ടിചേര്‍ത്തു. ആദില്‍ റഷീദാണ് ബ്രേക്ക് ത്രൂ നല്‍കിയത്. ഷഹീദിയെ ആദില്‍ റഷീദ് ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ അസ്മതുള്ള സദ്രാന്‍ പിന്തുണ നല്‍കി. 72 റണ്‍സാണ് സദ്രാനൊപ്പം ചേര്‍ന്ന് അസ്മതുള്ള അടിച്ചെടുത്തത്. ജാമി ഓവര്‍ടോണാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. അസ്മതുള്ള പുറത്ത്. പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് നബിയും നിര്‍ണായക പ്രകടനം പുറത്തെടുത്തു. 24 പന്തില്‍ 40 റണ്‍സ് അടിച്ചെടുത്ത താരം സദ്രാനൊപ്പം വിലപ്പെട്ട 111 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ ഇരുവരും മടങ്ങി. ഗുല്‍ബാദിന്‍ നെയ്ബ് , റാഷിദ് ഖാന്‍ പുറത്താവാതെ നിന്നു.146 പന്തില്‍ ആറ് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്‌സ്. മാത്രമല്ല, ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു റെക്കോര്‍ഡും സദ്രാന്‍സ്വന്തമാക്കി. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് സദ്രാന്റെ പേരിലായത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....