ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച പ്രവര്‍ത്തകസമിതി വിഷയം ബിജെപി ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി.കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ആക്രമണം അരങ്ങേറിയ പഹല്‍ഗാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇവിടം ത്രിതല സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലമാണ്.ഇവിടെ ഭീകരവാദികള്‍ക്ക് കടന്നുകയറി ആക്രമണം നടത്താന്‍ കഴിഞ്ഞത് ഗുരുതരമായ വിഷയമാണ്. ഇതിനു പിന്നിലെ ഇന്റലിജന്‍സ് പരാജയത്തെക്കുറിച്ചും സൂരക്ഷാവീഴ്ചകളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പ്രവര്‍ത്തകസമിതി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.പഹല്‍ഗാമില്‍ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. പാകിസ്ഥാന് കേന്ദ്രീകരിച്ചാണ് ആക്രമണത്തിന്റെ ആസൂത്രണം നടന്നത്. ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണമായാണു സംഭവത്തെ കാണുന്നത്.ഹിന്ദുക്കളെ മാത്രം ലക്ഷ്യമിട്ടുള്ള ഈ ആക്രമണം രാജ്യത്തു വര്‍ഗീയത പടര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പ്രകോപനം ഉണ്ടാക്കുകയെന്നതാണു ഭീകരാക്രമണത്തിന്റെ പ്രധാന ലക്ഷ്യം. അതില്‍ ആരും വീഴരുതെന്നും പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു.അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അമര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളും പ്രവര്‍ത്തകസമിതി ചൂണ്ടിക്കാട്ടി. പഹല്‍ഗാം ഭീകരാക്രമണം ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണ്.രാജ്യം കൂടുതല്‍ ഐക്യത്തോടെ നിലകൊള്ളേണ്ട സമയമാണിത്. എന്നാല്‍ ഇത്തരമൊരു നിര്‍ണായക സമയത്ത് ബിജെപി ഭിന്നത, അവിശ്വാസം, ധ്രുവീകരണം, വിഭജനം എന്നിവ ശക്തമാക്കാന്‍ ഉതകുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ബിജെപി നടത്തുന്ന പ്രചാരണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.